githadharsanam

ഗീതാദര്‍ശനം - 352

Posted on: 27 Oct 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



ഈ സമ്മതംചോദിക്കലിന് ബ്രഹ്മവിദ്യാപരമായ ഒരു മാനംകൂടി ഉണ്ട്. ഇന്ദ്രിയമനോബുദ്ധികളും പ്രാണക്രിയകളുമെല്ലാം പരമാത്മചൈതന്യത്തിന്റെ പ്രഭാവത്താലാണ് നടക്കുന്നത്. ആ ചൈതന്യത്തെ ഈ വൃത്തികളില്‍നിന്ന് മുഖം തിരിപ്പിച്ച് ആത്മസ്വരൂപത്തിന് അഭിമുഖമാക്കലാണ് ബ്രഹ്മവിദ്യയുടെ കാതല്‍. ഉപാധിയും ലക്ഷ്യവും ഒന്നുതന്നെയാണ്. ഉപാധികളുടെ തയ്യാറെടുപ്പിന്റെ നിലവാരം നിശ്ചയിക്കുന്നത് ലക്ഷ്യസ്ഥാനംതന്നെ അഥവാ ഈശ്വരന്‍തന്നെ എന്നര്‍ഥം. ഒരുക്കം ശരിയായാലേ ദര്‍ശനമുള്ളൂ. ശരിയായോ എന്ന് ഒരുങ്ങുന്നവന് നിശ്ചയിക്കാനാവില്ല. അതിനാലാണ് 'ശരിയായെന്നു തോന്നുന്നെങ്കില്‍ കാണിച്ചു തരിക' എന്നു പറയുന്നത്. ആ 'യോഗ'ത്തിന് അരങ്ങൊരുങ്ങിയോ എന്ന് മഹായോഗേശ്വരന്‍തന്നെ നിശ്ചയിക്കണം.

ശ്രീ ഭഗവാനുവാച-
പശ്യ മേ പാര്‍ഥ രൂപാണി
ശതശോശഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി
നാനാവര്‍ണാകൃതീനി ച ശ്രീഭഗവാന്‍ പറഞ്ഞു-

ഹേ അര്‍ജുനാ, നാനാവിധത്തിലും നാനാവര്‍ണങ്ങളിലും ആകൃതികളിലുമായി എന്റെ നൂറുകണക്കിലും ആയിരക്കണക്കിലുമുള്ള ദിവ്യരൂപങ്ങള്‍ കണ്ടുകൊള്‍ക.
വിശ്വരൂപക്കാഴ്ച ഇവിടന്ന് ആരംഭിക്കുന്നു. തീര്‍ത്തും അസാധാരണമായ ഒരു ദര്‍ശനമാണ് ഇനി വരാന്‍ പോകുന്നത്. സമകാലികമായ അധ്യാത്മസംസ്‌കാരത്തെ പുനഃപ്രവചനം ചെയ്ത് പുതിയൊരു ദര്‍ശനം കാഴ്ചവെക്കുകയാണ് വ്യാസര്‍. ഏതു മതത്തിലെയും പുരാണങ്ങളിലും മറ്റും കാണാവുന്ന ഏറെക്കുറെ ബാലിശമായ ഈശ്വരചിത്രീകരണങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇത്. പരംപൊരുളിന്റെ ദൈ്വതമറ്റ സ്വരൂപവര്‍ണനയാണ് ചുരുള്‍നിവരുന്നത്. ഈ അപൂര്‍വചിത്രം ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ഗീതാകാരന്‍ കണ്ട നാടകീയമാര്‍ഗം ഒരേസമയം ദീപ്തവും സുന്ദരവുമായിരിക്കുന്നു. മൂല്യത്തിന്റെ പുനര്‍വിചാരവും പുനഃപ്രവചനവും ലളിതമനോഹരമായി നടക്കുന്നു.
(തുടരും)



MathrubhumiMatrimonial