
ഗീതാദര്‍ശനം - 351
Posted on: 27 Oct 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
കേട്ട പൂരം കാണണമെന്ന തോന്നല്‍ രണ്ടു തരം മനോഭാവങ്ങളില്‍നിന്ന് ഉടലെടുക്കാം. പറഞ്ഞ ആള്‍ പെരുപ്പിച്ചും മുഴുപ്പിച്ചും വെറുതെ പറഞ്ഞതാണോ എന്നു സംശയിക്കുകയും അതിന്റെ നിവാരണത്തിനായി ആ പൂരം കാണണമെന്നു തോന്നുകയും ചെയ്യാം. അങ്ങനെയെങ്കില്‍, കാണാനുള്ള പൂതിയുടെ കാതല്‍ സംശയമാണ്. മറിച്ച്, പറഞ്ഞുകേട്ടതെല്ലാം സത്യമാണെന്ന് ഉറപ്പുണ്ടാകയും അത്രയും മഹത്തായ ആ കാര്യം കാണാന്‍ സ്വാഭാവികമായി ആഗ്രഹം ജനിക്കുകയുമാകാം. ഇവിടെ സംഭവിക്കുന്നത് രണ്ടാമത്തേതാണ്. കേട്ടതെല്ലാം നേരാണെന്ന് ഉറപ്പുണ്ട്. കേട്ടറിഞ്ഞതിന്റെ മഹിമ മനസ്സിനെ നിമഗ്‌നമാക്കിയിരിക്കുന്നു. കണ്ടറിയാതെ ഇനി ഇരിക്കപ്പൊറുതി ഇല്ല.
ആത്മസ്വരൂപദര്‍ശനത്തിനുള്ള മിനിമം യോഗ്യതയ്ക്കാണ് ഇവിടെ അടിവരയിടുന്നത്. ഉണ്ടെങ്കില്‍ കണ്ടുകളയാം എന്ന സമീപനം വിജയിക്കില്ല. ഉണ്ടെന്ന ഉറപ്പുള്ളവനേ കാണാനാവൂ. ഉണ്ടെന്നറിഞ്ഞാലും പോരാ അതിനോട് അനന്യമായ പ്രിയവും വേണം. അറിവും ഭക്തിയും തികഞ്ഞ് ധ്യാനിച്ചാല്‍ സാഫല്യമുണ്ടാവും. ഏതെങ്കിലുമൊന്ന് പോരാതെ വന്നാല്‍ ഒക്കില്ല.
മന്യസേ യദി തച്ഛക്യം
മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം
ദര്‍ശയാത്മാനമവ്യയം
ഹേ പ്രഭോ, ആ രൂപം കാണാന്‍ എനിക്കു കഴിവുണ്ടെന്ന് അങ്ങ് കരുതുന്നുവെങ്കില്‍, അല്ലയോ യോഗേശ്വരാ, ഇനി അങ്ങയുടെ നിത്യമായ സ്വരൂപത്തെ എനിക്ക് കാണിച്ചുതന്നാലും. ('തതഃ' എന്നതിന് ആചാര്യസ്വാമികള്‍ 'അങ്ങയുടെ രൂപദര്‍ശനത്തിനായുള്ള എന്റെ അതിയായ ആഗ്രഹത്തെ മുന്‍നിര്‍ത്തി' എന്ന് അര്‍ഥം പറയുന്നു.)
പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളിന്മേല്‍ ആധിപത്യമുള്ളതിനാല്‍ പരമാത്മാവ് 'പ്രഭു'വാണ്. സര്‍വസാക്ഷിയായ പ്രഭു അറിയാതെ ആരുമെവിടെയും ഒന്നും കാണുന്നില്ല, അറിയുന്നില്ല, അനുഭവിക്കുന്നുമില്ല. അതിനാല്‍, പരമാധികാരിയോട് അനുവാദം ചോദിക്കുന്നു.
മഹേശ്വരന്‍ യോഗേശ്വരനുമാണ്. പ്രപഞ്ചത്തിലെ എന്തും മറ്റെന്തിനോടും ചേര്‍ന്നു വര്‍ത്തിക്കുന്നതും തമ്മില്‍ പിരിയുന്നതും യോഗക്രിയയുടെ ഫലമാണ്. അതായത്, യോഗം സംയോഗമോ വിയോഗമോ ആകാം. രണ്ടും യോഗേശ്വരന്‍ നിശ്ചയിക്കുന്നു. ഒരു സംയോഗമാണ് ആത്മസ്വരൂപദര്‍ശനം. യോഗേശ്വരന്റെ ആശീര്‍വാദമില്ലാതെ അത് നടക്കില്ല.
ഗ്രഹിക്കാന്‍ കഴിവില്ലെങ്കില്‍ പ്രസാദംകൊണ്ട് കാര്യമില്ല എന്ന് വിശദീകരിക്കാന്‍ ജ്ഞാനേശ്വര്‍ മഹാരാജ് ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുന്നു, 'ബധിരന് പാട്ടു കേള്‍ക്കണം എന്ന് കൊതിയായാലും കേള്‍പ്പിക്കാനാവില്ലല്ലോ. വേഴാമ്പലുകള്‍ക്ക് മാത്രമല്ല മേഘം മഴ പെയ്തു കൊടുക്കുന്നത്. എന്നാല്‍ അതിന്റെ മഹിമയുണ്ടോ പാറക്കെട്ടുകള്‍ അറിയുന്നു? ചകോരങ്ങള്‍ക്ക് ചന്ദ്രിക അമൃതംപോലെയാണ്. മറ്റുള്ളവര്‍ക്ക് അങ്ങനെ അനുഭവപ്പെടേണ്ട എന്ന് ചന്ദ്രന്‍ പറയുന്നുണ്ടോ? എന്നാല്‍, ചന്ദ്രിക പാനം ചെയ്യാന്‍ വേറെ ആര്‍ക്ക് കഴിവുണ്ട്?'
(തുടരും)





