
ഗീതാദര്‍ശനം - 350
Posted on: 26 Oct 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
പ്രിയത്തോടെയാണ് സംബോധന. അതിലുപരി, പ്രാചീനകവികല്പനയില്‍ താമരയുടെ ഇലയും പൂവുമെല്ലാം നിസ്സംഗതയുടെ പ്രതീകങ്ങളാണ്. നമ്മുടെ ഉള്ളിലെ ശുദ്ധബോധവും നിസ്സംഗമാണ്. നിസ്സംഗമായ ആന്തരികസൗന്ദര്യത്തിന് ആരോടുമൊന്നിനോടും വിശേഷിച്ച് പ്രീതിയോ അപ്രീതിയോ ഇല്ല. അങ്ങോട്ടുള്ള ഭക്തിയുടെ നിറവില്‍ ഇങ്ങോട്ടുള്ളതായി അനുഭവപ്പെടുന്ന പ്രീതിയേ ലക്ഷ്യമാക്കാനുള്ളൂ. ആ പ്രീതിയുടെ കരുത്തിന്‍മേല്‍ ഒരു വലിയ കാര്യത്തിനാണല്ലോ ഇനി അപേക്ഷിക്കാന്‍ പോകുന്നത്.
ശരിയായ അറിവുണ്ടാകാനുള്ള വഴി എന്തെന്നുകൂടി ഇവിടെ വ്യാസര്‍ സൂചിപ്പിക്കുന്നു. പാഠം തത്ത്വദര്‍ശിയായ ഗുരുവില്‍നിന്ന് ക്രമമായും വിസ്തരിച്ചും കേള്‍ക്കണം. ഭക്തിബഹുമാനങ്ങളോടെ വേണം ചെവിക്കൊള്ളാന്‍. ഗുരുവിനോടോ ഗുരുവിനോ ഒട്ടും അപ്രിയം ഉണ്ടാകരുത്. കേട്ടത് മനനം ചെയ്ത് സ്ഫുടപാകമാക്കണം. ആ ശ്രമത്തിനിടെ സംശയം തോന്നിയാല്‍ സവിനയം ഉന്നയിക്കണം. മനസ്സിലായതിന്റെ രത്‌നച്ചുരുക്കം തിരികെ ഉരുവിട്ട് ബോധ്യപ്പെടുത്തി സമ്മതം വാങ്ങണം. കൂടുതല്‍ അറിയാനുള്ള ആഗ്രഹം തുറന്നു പറയണം.
ഏവമേതദ്യഥാത്ഥ ത്വം
ആത്മാനം പരമേശ്വര
ദ്രഷ്ടുമിച്ഛാമി തേ രൂപം
ഐശ്വരം പുരുഷോത്തമ
പരമേശ്വരാ, അങ്ങ് അങ്ങയെ (പരമാത്മാവിനെ) കുറിച്ച് എപ്രകാരമെല്ലാം പറഞ്ഞുവോ അതെല്ലാം അപ്രകാരംതന്നെ (എന്ന് എനിക്ക് ഉറപ്പുണ്ട്). പുരുഷോത്തമാ, (ഇനി) അങ്ങയുടെ ആ ഐശ്വരമായ രൂപം കാണാന്‍ ഞാന്‍ ഇച്ഛിക്കുന്നു.
ഇവിടെയും സംബോധനകള്‍ക്ക് ഏറെ അര്‍ഥവ്യാപ്തിയുണ്ട്. പരമേശ്വരന്‍ ഇന്ദ്രിയമനോബുദ്ധികളുടെ ചാലകശക്തികളായ ദേവന്‍മാരുടെ (പ്രകാശങ്ങളുടെ) മഹേശ്വരനായ കുലപതിയാണ്, ജീവാത്മാവാണ്. പ്രപഞ്ചമെന്ന മഹാശരീരക്ഷേത്രത്തിലെ സമാനകുലപതിയും ക്ഷേത്രജ്ഞനുമാണ് മഹേശ്വരന്‍. അത് ബ്രഹ്മംതന്നെയാണ്, മറ്റൊന്നല്ല. (ജീവോ ബ്രഹ്‌മൈവ നാപര.) ആ മഹേശ്വരന്റെ രൂപം കാണണമെന്നാണ് ആശിക്കുന്നത്. അതുതന്നെയാണ് പുരുഷോത്തമന്റെയും രൂപം എന്ന നിരൂപണമാണ് രണ്ടാമത്തെ സംബോധനയിലെ താത്പര്യം. ക്ഷരം, അക്ഷരം, അക്ഷരാതീതം എന്ന മൂന്നു പുരുഷന്‍മാരില്‍ ആദിമൂലവും സകലത്തിനും അവ്യയമായ നിധാനവും പുരുഷോത്തമന്‍ എന്നുകൂടി പേരുള്ള അക്ഷരാതീതമാണല്ലോ.
(തുടരും)





