githadharsanam

ഗീതാദര്‍ശനം - 349

Posted on: 24 Oct 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


അധ്യാത്മസംജ്ഞിതം എന്നത് ആത്മാവിനെയും ആത്മാവല്ലാത്തതിനെയും വേര്‍തിരിച്ച് അറിയാന്‍ ഉതകുന്ന വിവേകത്തെ നല്‍കുന്ന ജ്ഞാനമാണ്. അതുകൊണ്ടുതന്നെ അത് നിരതിശയവും നിഗൂഢവുമാണ്. അത് കിട്ടുകയെന്നത് പരമമായ അനുഗ്രഹമാണ്. ആ അനുഗ്രഹമുണ്ടായാലത്തെ ഗുണം രാഗദ്വേഷങ്ങളുടെ പിടിയില്‍നിന്ന് മോചനമാണ്. നശ്വരമായതിനെ യാഥാര്‍ഥ്യമായി കാണുന്നതാണ് മോഹം. അതിനു പിന്നെ ബോധമണ്ഡലത്തില്‍ സ്ഥാനമില്ല. കണ്ണാടിയിലെ അഴുക്കൊക്കെ പോയി.
ഫലപ്രദമായ മരുന്നുകൊണ്ട് ഒരു മഹാരോഗത്തില്‍നിന്ന് രക്ഷപ്പെട്ടവന്റെ സന്തോഷത്തോടെയാണ് അര്‍ജുനന്‍ സംസാരിക്കുന്നത്. ശരിയായ അറിവുണ്ടായതിന്റെ വെളിച്ചത്തില്‍ യജ്ഞഭാവനയോടെ ചെയ്യുന്ന കര്‍മം പരംപൊരുളില്‍ സമര്‍പ്പിക്കുകയും ആ സമര്‍പ്പണഭാവത്തില്‍നിന്ന് ഭക്തിയുണ്ടാവുകയും അതിനെ ധ്യാനത്തിലൂടെ വികസിപ്പിക്കുകയും ചെയ്ത് ഏകാഗ്രമായ ശ്രദ്ധയുടെ പടവുകള്‍ കയറിയ സാധകന്റെ സ്ഥിതിയിലാണ് ഇപ്പോള്‍ അര്‍ജുനന്‍.
അര്‍ജുനന്റെ അജ്ഞാനമൊക്കെ നീങ്ങിയ സ്ഥിതിക്ക് ഗീതോപദേശം ഇവിടെ വെച്ച് നിര്‍ത്താവുന്നതല്ലേ, ഇനിയെന്തിന് നീട്ടുന്നു എന്ന ശങ്ക വേണ്ട. കാര്യമുണ്ട്. കണ്ണാടി ശരിയായെങ്കിലും ചിത്രം കാണാന്‍ ഒത്തിട്ടില്ല. അതുകൂടി ആയാലേ ധാരണ പൂര്‍ത്തിയാകൂ. സസ്യശാസ്ത്രം പഠിപ്പിക്കുന്ന ഗുരു ചിത്രം വരച്ചും പറഞ്ഞും സസ്യലതാദികളുടെ വര്‍ഗീകരണം പഠിപ്പിച്ചതില്‍പ്പിന്നെ ശിഷ്യനെ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് കൂട്ടിക്കൊണ്ടു പോയി ഏത് യഥാര്‍ഥത്തില്‍ എവ്വിധമെന്ന് കാണിച്ചുകൊടുത്താലേ വിഷയപരിചയം പൂര്‍ത്തിയാകൂ. പരംപൊരുളിനെക്കുറിച്ച് തിയറി ശരിയായി പഠിഞ്ഞു. ഇനി അതിന്റെ പ്രവര്‍ത്തനചിത്രംകൂടി കാണേണ്ടതുണ്ട്.
ഭവാപ്യയൗ ഹി ഭൂതാനാം
ശ്രുതൗ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ
മാഹാത്മ്യമപി ചാവ്യയം

അല്ലയോ താമരക്കണ്ണാ, അങ്ങയില്‍നിന്ന് ചരാചരങ്ങളുടെ ഉത്പത്തിയും ലയവും (സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ച്) വിസ്തരിച്ച് ഞാന്‍ കേട്ടു. (പരംപൊരുളിന്റെ) അനശ്വരമായ മാഹാത്മ്യവും (ഞാന്‍) കേട്ടു.

(തുടരും)



MathrubhumiMatrimonial