githadharsanam

ഗീതാദര്‍ശനം - 348

Posted on: 20 Oct 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


കൃഷ്ണാര്‍ജുനന്മാരെ ഒരേ വ്യക്തിത്വത്തിന്റെ അഥവാ ക്ഷേത്രത്തിന്റെ ചേരുവകളായി എടുത്താലോ? ധര്‍മസങ്കടത്തിലായ അര്‍ജുനന്‍ താന്‍ നേടിയ അറിവുകളിലൂടെ സ്വയം കടന്നുപോയി ഏകാഗ്രമായ പരിചിന്തനത്തിലൂടെ തന്നോടുതന്നെ സംവദിച്ച് ധ്യാനാവസ്ഥിതനായി പരംപൊരുളിന്റെ ചിത്രംവരെ കാണുന്നു എന്ന രണ്ടാമത്തെ തലത്തിനും പ്രതിപാദനത്തില്‍ മതിയായ ഇടമുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞന്‍ പരമാത്മാവാണല്ലോ.

എല്ലാ കഥാപാത്രങ്ങളുമുള്‍പ്പെടെയുള്ള മൊത്തം കുരുക്ഷേത്രത്തെ ഒരു ഏകകമായി എടുക്കുകയുമാകാം. അപ്പോള്‍, അതിലെ ധര്‍മാര്‍ഥകാമമോക്ഷങ്ങളുടെ ഗതിയുടെ ചിത്രമായി ഭാരതേതിഹാസം മാറുന്നു. ആസുരഭാവങ്ങളോടുള്ള ബന്ധുത്വവും വിധേയത്വവും കാണ്‍കെ അവയെ എങ്ങനെ നേരിടേണ്ടൂ എന്ന് ചഞ്ചലചിത്തമാകുന്ന അര്‍ഥപുരുഷാര്‍ഥം സംശയനിവാരണത്തിനുവേണ്ടി മോക്ഷപുരുഷാര്‍ഥവുമായി സംവദിക്കുകയും സമ്യഗ്ദര്‍ശനം സാധിക്കുകയും ചെയ്യുന്നതായി, മൂന്നാമത്തെ തലത്തില്‍, മനസ്സിലാക്കാം.

ഓരോ പ്രസ്താവത്തിലും ഈ മൂന്നു തലങ്ങളിലും ഒരേസമയം നില്‍ക്കാന്‍ വ്യാസര്‍ ശ്രദ്ധിക്കുന്നുണ്ട്. ഒന്നുകൊണ്ട് തൃപ്തിയാകുന്നവര്‍ക്ക് അതാവാം. ഒപ്പം, രണ്ടും മൂന്നും കൂടി കാണുന്നതാണ് തന്റെ ഇംഗിതം എന്ന് അദ്ദേഹം ധ്വനിപ്പിക്കുകയും ചെയ്യുന്നു. പരംപൊരുളിന്റെ പ്രകടമായ പ്രഭാവംതന്നെയാണ് ഈ കാഴ്ചക്കുള്ള കഴിവിന് നിദാനം. അതദ്ദേഹം അറിയുകയും ചെയ്യുന്നു. 'മുനീനാമപ്യഹം വ്യാസഃ' (10, 37) എന്നത് ആത്മപ്രശംസയല്ല, സത്യപ്രസ്താവമാണ്.

അര്‍ജുന ഉവാച-
മദനുഗ്രഹായ പരമം
ഗുഹ്യമധ്യാത്മസംജ്ഞിതം
യത്ത്വയോക്തം വചസ്‌തേന
മോഹോശയം വിഗതോ മമ

അര്‍ജുനന്‍ പറഞ്ഞു-നിരതിശയവും പരമരഹസ്യവുമായ ആത്മതത്ത്വത്തെക്കുറിച്ച് എന്നെ അനുഗ്രഹിക്കാനായി അങ്ങ് പറഞ്ഞ വാക്കുകളാല്‍ എന്റെ അറിവില്ലായ്മകള്‍ ഇതാ നീങ്ങിക്കഴിഞ്ഞു.

(തുടരും)



MathrubhumiMatrimonial