
ഗീതാദര്‍ശനം - 347
Posted on: 20 Oct 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
പക്ഷേ, ഈ 'ദര്‍ശനം' വിശ്വാസത്തെ അനുഭവമാക്കുന്നു. ഒരു വലിയ ദൂരദര്‍ശിനിയിലൂടെ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് ഒരിക്കല്‍ നോക്കാനൊത്താല്‍ പിന്നെ ഈ കാര്യത്തില്‍ ഒരു സംശയവും ശേഷിക്കില്ല. സൂക്ഷ്്മദര്‍ശിനിയിലൂടെ ഒരു തുള്ളി മഴവെള്ളത്തെ കണ്ടാലും മതിയാകും. ഒരു പടികൂടി കടന്ന് പ്രപഞ്ചവിജ്ഞാനീയത്തിന്റെ ഒരു ത്രീ-ഡി ആനിമേഷന്‍ ചിത്രം കാണിക്കുകയാണ് വ്യാസര്‍ ചെയ്തിരിക്കുന്നത്. സ്‌പെയ്‌സിനും (space) പദാര്‍ഥത്തിനും (matter) കാലാന്തരത്തില്‍ വരുന്ന രൂപപരിണാമങ്ങള്‍ ഫാസ്റ്റ് മോഷന്‍ മോഡില്‍ ചുരുള്‍ നിവരുന്നു. മഹാവിസ്‌ഫോടനം (big bang) മുതല്‍ വര്‍ത്തമാനകാലംവരെയുള്ള ചിത്രം ഫാസ്റ്റ് മോഷനില്‍ വരുന്നതിന്റെ തുടര്‍ച്ചയായി ഭാവിയിലേക്കും അത് അല്പം നീളുന്നു. പ്രൊജക്ഷന്‍ സ്‌ക്രീനിനു മുന്നില്‍ ഒരു പോയന്‍ററുമായി സഞ്ജയന്‍ നില്‍ക്കുന്നു - അര്‍ജുനന്‍ കാണുന്നതിനെയും ഒപ്പം, അതൊക്കെ കാണുന്ന അര്‍ജുനനെയും നമുക്കു കാണിച്ചുതരാന്‍.
അര്‍ജുനന്‍ കണ്ടതെല്ലാം വള്ളിപുള്ളി വിടാതെയുള്ള വീഡിയൊ റിപ്പോര്‍ട്ടിലൂടെ സഞ്ജയന്‍ ധൃതരാഷ്ട്രരാജാവിനെയും കാണിക്കുന്നുണ്ട്. പക്ഷേ, അര്‍ജുനന്‍ ആര്‍ജിക്കുന്ന വിവേകമോ അനുഭവമോ അല്ല ആ മോഹാന്ധന് കിട്ടുന്നത്. പകരം, മക്കള്‍ തോല്‍ക്കുമെന്നും മരിക്കുമെന്നുമുള്ള ഭീതിയും അതിനെ മറികടക്കാനുള്ള ഉപാധിയായി, ഈ കാഴ്ച വെറും മായക്കാഴ്ചയാണ് എന്ന മുന്‍വിധിയുടെ ഊട്ടുറപ്പും മാത്രം. അറിവില്ലെങ്കില്‍ കാണാന്‍ കഴിയില്ല. അറിവുണ്ടായാലും ഭക്തിവിശ്വാസങ്ങളില്ലെങ്കില്‍ കണ്ടാലും തിരിയില്ല!
വിഭജനങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്താല്‍, ഗീതയിലെ മറ്റ് അധ്യായങ്ങളെ എന്നപോലെ, മൂന്ന് വ്യത്യസ്ത തലങ്ങളില്‍ വിശ്വരൂപദര്‍ശനയോഗമെന്ന ഈ അധ്യായത്തെയും വായിക്കാം. അര്‍ജുനനെയും കൃഷ്ണനെയും വെവ്വേറെ ക്ഷേത്രങ്ങളായി കണ്ടാല്‍ ('ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ' 13, 1 - അര്‍ജുനാ, ഈ ശരീരം ക്ഷേത്രമെന്ന് അറിയപ്പെടുന്നു) ഒരാള്‍ മറ്റേയാള്‍ക്ക് പ്രപഞ്ചചിത്രം സവിസ്തരം കാണിച്ചുകൊടുക്കുന്നു എന്ന സാമാന്യാര്‍ഥം കിട്ടും. ഒരു സുഹൃത്തിനെ ബോധവത്കരിക്കുന്നു എന്നു തുടങ്ങി, ഈശ്വരാവതാരമായ കൃഷ്ണന്‍ തന്റെ തനിരൂപം പരമഭക്തനായ അര്‍ജുനന് കാണിച്ചുകൊടുക്കുന്നു എന്നിടംവരെ ഈ തലത്തിന്റെ അര്‍ഥവ്യാപ്തി ലഭ്യമാണ്.
(തുടരും)





