ആഗോളതാപനത്തിനെതിരെ കടലിന്നടിയില്‍ നിന്ന് പ്രമേയം

Posted on: 17 Oct 2009



കൊളംബോ: കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി കടലുയര്‍ന്ന് രാജ്യം വെള്ളിത്തിലാകുമെന്ന ആശങ്ക ലോകവുമായി പങ്കുവെയ്ക്കാന്‍, മാലെദ്വീപില്‍ ഇന്ന് കടലിന്നടിയില്‍ മന്ത്രിസഭായോഗം നടന്നു. സമുദ്രനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ആഴത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അധ്യക്ഷം വഹിച്ചു. ആഗോളതാപനം ചെറുക്കാന്‍ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രമേയം കടലിന്നടിയിലെ യോഗത്തില്‍ മന്ത്രിസഭ പാസാക്കി.

ലോകത്ത് ആദ്യമായാണ് കടലിനടിയില്‍ ഒരു മന്ത്രിസഭ യോഗം ചേരുന്നത്. കടലിനടിയില്‍ കുതിരലാടത്തിന്റെ ആകൃതിയില്‍ സ്ഥാപിച്ച മേശയ്ക്കു ചുറ്റുമാണ് മന്ത്രിമാര്‍ ഒത്തുചേര്‍ന്നത്. തലസ്ഥാനമായ മാലെയില്‍ നിന്ന് 25 മിനിറ്റ് സ്​പീഡ് ബോട്ടില്‍ സഞ്ചരിച്ചാലെത്തുന്ന ഗിരിഫ്യൂഷിയിലെ ആഴംകുറഞ്ഞ കടലിലാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.

14 ക്യാബിനറ്റ് മന്ത്രിമാരില്‍ മൂന്നുപേര്‍ കടലിന്നടിയിലെ യോഗത്തില്‍ പങ്കെടുത്തില്ല. ഒരാള്‍ വിദേശ സന്ദര്‍ശനത്തിലാണ്, മറ്റ് രണ്ടുപേര്‍ക്ക് വെള്ളത്തില്‍ ഊളിയിടാന്‍ മെഡിക്കല്‍ വിദഗ്ധരുടെ അനുമതി ലഭിച്ചിരുന്നില്ല.

ആഗോളതാപനം ചെറുക്കാന്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുന്ന രേഖയില്‍ കടലിനടിയില്‍ വെച്ച് മന്ത്രിസഭ ഒപ്പുവെച്ചു. 'ഇത് മാലെദ്വീപിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കുന്നതാണ്'പ്രസിഡന്റ് നഷീദ് പറഞ്ഞു. 11 മന്ത്രമാരും പ്രസിഡന്റും വൈസ്​പ്രസിഡന്റും ക്യാബിനറ്റ് സെക്രട്ടറിയും രേഖയില്‍ ഒപ്പുവെച്ചു.

വെള്ളത്തിനടിയില്‍ ഊളിയിടാന്‍ സ്‌ക്യൂബാഡ്രസ്സും മറ്റും ധരിച്ച് മന്ത്രിമാരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡൈവിങ് പരിശീലനത്തിലായിരുന്നു. പ്രസിഡന്റ് മുഹമ്മദ് നഷീദിനു പക്ഷേ, പരിശീലനത്തിന്റെ ആവശ്യം വേണ്ടിവന്നില്ല, നല്ലൊരു നീന്തല്‍ക്കാരനും ഡൈവിങ് വിദഗ്ധനുമാണ് അദ്ദേഹം. വെള്ളത്തിനടിയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ആംഗ്യഭാഷയിലായിരുന്നു മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ച.

ആഗോളതാപനത്തിന്റെ ഫലമായി കടലുയര്‍ന്നാല്‍ ഭൂമുഖത്ത് ആദ്യം മുങ്ങിപ്പോകുന്ന രാജ്യങ്ങളിലൊന്നാണ്, 1192 ദ്വീപുകളുടെ ശൃംഗലയായ മാലെദ്വീപ്. ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറുള്ള ഈ കൊച്ചുദ്വീപസമൂഹത്തിലെ മിക്ക ദ്വീപുകള്‍ക്കും സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പോലും ഉയരമില്ല. 2,100 ഓടെ സമുദ്രനിരപ്പ് 18 മുതല്‍ 59 വരെ സെന്റീമീറ്റര്‍ വരെ ഉയരുമെന്നും അതോടെ മാലെദ്വീപ് താമസയോഗ്യമല്ലാതെയാവുമെന്നും ഐക്യരാഷ്ട്രസഭ രണ്ടുവര്‍ഷം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടു വഴിയേയുള്ളൂ. ആഗോളതാപനം കുറയ്ക്കുക, മാലെദ്വീപിലെ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുക, ഈ ആശയങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടുള്ള അന്താരാഷ്ട്ര പ്രചാരണ പരിപാടികളുടെ ഭാഗമാണ് കടലിനടിയിലെ മന്ത്രിസഭാ യോഗം. സന്നദ്ധ സംഘടനയായ 350 ഡോട്ട് ഒ.ആര്‍.ജി.യാണ് പ്രസിഡന്റ് നഷീദിനു മുന്നില്‍ ഇങ്ങനെയൊരാശയം വെച്ചത്. അദ്ദേഹമത് സസന്തോഷം സ്വീകരിച്ചു.

ആഗോളതാപനത്തിന്റെ ഫലമായി രാജ്യം മുങ്ങുമ്പോള്‍, മൂന്നരലക്ഷം മാലെദ്വീപ് നിവാസികള്‍ക്ക് താമസിക്കാന്‍ വേറെ സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ നവംബറില്‍ പ്രസിഡന്റ് മൊഹമ്മദ് നഷീദ് പ്രഖ്യാപിച്ചത് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ലോകചരിത്രത്തില്‍ ആദ്യമായാകാം ഒരു രാജ്യം സ്വന്തം ജനതയെ മറ്റൊരിടത്തേക്ക് പറിച്ചുനടാന്‍ പോകുന്നു എന്ന പ്രഖ്യാപനം നടക്കുന്നത്.

മാല്‍ഡിവസ് നിവാസികള്‍ നേരിടുന്നത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. കാലാവസ്ഥാമാറ്റം സമുദ്രവിതാനം ഉയരുന്നതു മൂലം ഏതാണ്ട് 40 രാജ്യങ്ങളുടെ നിലനില്‍പ്പ് ഭീഷണി നേരിടുകയാണെന്ന് പരിസ്ഥിതി ഗവേഷകര്‍ പറയുന്നു. അവയില്‍ മിക്കവയും മാലെദ്വീപ് പോലുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളാണ്. ശാന്തസമുദ്രത്തിലും മറ്റും പല ചെറുദ്വീപുകളും വളരെ വേഗം ഉപ്പുവെള്ളം കയറി വാസയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലും മറ്റും തീരപ്രദേശം ആളുകള്‍ ഇപ്പോള്‍ തന്നെ ഉപേക്ഷിച്ച് തുടങ്ങിയിരിക്കുന്നു.

കാലവാസ്ഥാവ്യതിയാനം ചെറുക്കാനുദ്ദേശിച്ച് നിലിവില്‍ വന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012-ല്‍ അവസാനിക്കുകയാണ്. അതിന് ശേഷം എന്തു നടപടി വേണം എന്നകാര്യം തീരുമാനിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഈ ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ സമ്മേളിക്കുകയാണ്. ഈയവസരത്തില്‍ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ നേരിടുന്ന ഭീഷണി എത്രയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മാലെദ്വീപില്‍ നടന്ന കടലിന്നടിയിലെ മന്ത്രിസഭായോഗം.




MathrubhumiMatrimonial