
ഗീതാദര്‍ശനം - 345
Posted on: 16 Oct 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
'പൂര്‍ണമദഃ പൂര്‍ണമിദം
പൂര്‍ണാത് പൂര്‍ണമുദച്യതേ
പൂര്‍ണസ്യ പൂര്‍ണമാദായ
പൂര്‍ണമേവാവശിഷ്യതേ.'
ഈ അധ്യായത്തിന്റെ മാത്രമല്ല മുഴുവന്‍ വേദാന്തദര്‍ശനത്തിന്റെയും രത്‌നച്ചുരുക്കമാണ് ഈ പദ്യം. അളന്നും എണ്ണിയും കണക്കു കൂട്ടിയും ഭൗതികപ്രതിഭാസങ്ങളുടെ കാര്യകാരണബന്ധങ്ങള്‍ ആരാഞ്ഞും അറിയാന്‍ കഴിയുന്നതല്ല പ്രപഞ്ചരഹസ്യം എന്നാണ് വ്യാസരുടെ സൂചന. ഇപ്പറഞ്ഞ തരത്തിലുള്ള അന്വേഷണം ആവശ്യമാണ്. പക്ഷേ, അങ്ങെത്താന്‍ ഇതു മതിയാവില്ല. സയന്‍സിന്റെ സാധ്യതകളെയും പരിമിതിയെയും കുറിച്ച് ചിന്തിക്കാന്‍ ഇവിടെ നമുക്ക് വീണ്ടും അവസരം കിട്ടുന്നു. ശരിയായി അറിയണമെങ്കില്‍ ഈ കാണപ്പെടുന്നതിന്റെ മറ നീക്കി അകത്തു കടക്കണം. അതിനുള്ള വഴി അവനവനില്‍ കാണപ്പെടുന്നതിന്റെയും ഭവിക്കുന്നതിന്റെയും മറ നീക്കുകയാണ്. അതായത്, പരീക്ഷണത്തിനുള്ള ഉപകരണവും പരീക്ഷകനും പരീക്ഷണവിഷയവും ഒന്നായിരിക്കണം. ആ മഹാപരീക്ഷണത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെയാണ് അടുത്ത അധ്യായത്തില്‍ അവതരിപ്പിക്കുന്നത്.
ഇതി വിഭൂതിയോഗോ നാമ ദശമോശദ്ധ്യായഃ
വിഭൂതിയോഗമെന്ന പത്താമധ്യായം സമാപിച്ചു
(തുടരും)





