
ഗീതാദര്‍ശനം - 344
Posted on: 15 Oct 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
അഥവാ ബഹൂനൈതേന
കിം ജ്ഞാതേന തവാര്‍ജുന
വിഷ്ടഭ്യാഹമിദം കൃത്സ്‌നം
ഏകാംശേന സ്ഥിതോ ജഗത്
അല്ലയോ അര്‍ജുനാ, അല്ലെങ്കില്‍ ഇങ്ങനെ പലപലതും അറിഞ്ഞതുകൊണ്ട് നിനക്ക് എന്ത് (മെച്ചം)? (എന്റെ) ഒരു അംശംകൊണ്ട് ജഗത്താകെ ധരിച്ച് ഞാന്‍ നില്‍ക്കുന്നു. അറിവ് രണ്ടു തരത്തിലാകാം. ഒന്ന്, തൊട്ടെണ്ണി നേടുന്നത്. വിഷയം എണ്ണിയാല്‍ ഒടുങ്ങാത്തതാണെങ്കില്‍ ഈ അറിവുകൊണ്ട് പ്രയോജനമൊന്നുമില്ല. കടല്‍ക്കരയിലെ പൂഴിയില്‍ ഓരോന്നും എണ്ണിയും പരിശോധിച്ചും നോക്കിയാല്‍ എവിടെ അവസാനിക്കാന്‍, എന്തറിയാന്‍! ആകാശത്തെത്ര നക്ഷത്രമുണ്ടെന്ന് എണ്ണിയാല്‍ പ്രപഞ്ചരഹസ്യം മനസ്സിലാകുമോ? നിരീക്ഷിച്ചറിഞ്ഞ കാര്യങ്ങളുടെ ഉള്ളിലേക്കു കടന്ന് യുക്തിഭദ്രമായ സാമാന്യവല്‍ക്കരണം നടത്തി സത്യം ഗ്രഹിക്കുന്നതാണ് രണ്ടാമത്തെ തരം അറിവ്. ഈ അറിവേ പ്രയോജനപ്പെടൂ. വിശേഷിച്ചും, അര്‍ജുനന്‍ തന്റെ ജീവിതത്തിലെ ഈ നിര്‍ണായകസന്ധിയില്‍, ഒരു തീരുമാനം കൈക്കൊള്ളാന്‍ അത്യാവശ്യമായ അടിസ്ഥാനപരമായ അറിവ് ഉണ്ടായിക്കിട്ടാനാണ് ദാഹിക്കുന്നത്. സമയം വെറുതെ കളയാനില്ല. നക്ഷത്രം എണ്ണി ഇരുന്നാല്‍ എങ്ങുമെത്തില്ല. കാതലായ അറിവാണാവശ്യം.
കണ്ടും നിരൂപിച്ചും അറിയാന്‍ ഏതാനും ഉദാഹരണങ്ങള്‍ നിരത്തിയതില്‍പ്പിന്നെ അവയില്‍നിന്ന് അനാവരണം ചെയ്തുകിട്ടേണ്ട അറിവിന്റെ രത്‌നച്ചുരുക്കംകൂടി പറയുന്നു. പ്രപഞ്ചം മുഴുവന്‍ തന്റെ ഒരംശംകൊണ്ട് ധരിച്ച് സ്ഥിതി ചെയ്യുകയാണ് പരമാത്മാവ്.
എന്താണ് ഏകാംശം എന്നു പറയാന്‍ കാരണം? പരമാത്മാവിനെ അംശിക്കാന്‍ കഴിയുമോ? അപ്പോള്‍ അംശവും ശേഷവും ഒരുപോലെ അപൂര്‍ണങ്ങളാവില്ലെ?
ഉപനിഷത്തിലെ പ്രപഞ്ചവിജ്ഞാനീയം (cosmology) നമ്മുടെ ഒരു പ്രപഞ്ചംകൊണ്ട് അവസാനിക്കുന്ന വിഷയമല്ല. അനന്തകോടി ബ്രഹ്മാണ്ഡങ്ങളാണ് അതിന്റെ ചിന്താവിഷയം. അപ്പോള്‍ സ്വാഭാവികമായും ഈ പ്രപഞ്ചത്തിന് ആധാരമായ പരംപൊരുളിനെ മൊത്തമുള്ളതിന്റെ ഒരു അംശം എന്നു പറയാം. പക്ഷേ, അപൂര്‍ണത അപ്പോഴും വരില്ല. കാരണം, അത്തരത്തിലാണ് പരംപൊരുള്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്.
(തുടരും)





