
ഗീതാദര്‍ശനം - 343
Posted on: 13 Oct 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
യദ്യദ്വിഭൂമിത് സത്ത്വം
ശ്രീമദൂര്‍ജിതമേവ വാ
തത്തദേവാവഗച്ഛ ത്വം
മമ തേജോം/ശസംഭവം
മഹിമയുറ്റതും ഐശ്വര്യപൂര്‍ണവും ശക്തിയുക്തവുമായി ഏതൊക്കെയുണ്ടോ അതൊക്കെയും (അവയിലെല്ലാം കാണപ്പെടുന്ന ബലൈശ്വര്യാധിക്യം) എന്റെ തേജസ്സിന്റെ അംശത്തില്‍നിന്ന് ഉണ്ടായവതന്നെയെന്ന് നീ അറിയുക.
ഗംഭീരമായ അന്യാദൃശത്വത്തെയാണ് മഹിമ എന്നു പറയാറ്. ഉദാഹരണം, മറ്റു പര്‍വതങ്ങളെ അപേക്ഷിച്ച് ഹിമാലയത്തിനും മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ശാന്തസമുദ്രത്തിനും മഹിമയുണ്ട്. സാധാരണക്കാരെ അപേക്ഷിച്ച് ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും മദര്‍ തെരേസയ്ക്കും യേശുദേവനും നബി തിരുമേനിക്കുമൊക്കെ ഉള്ളത് മഹിമയാണ്.
ഐശ്വര്യമെന്നാല്‍ സമ്പത്തും പ്രമാണിത്തവുമാണെന്ന അബദ്ധധാരണ നിലവിലുണ്ട്. ഇവിടെ പറയുന്ന ഐശ്വര്യം അതല്ല. ഈശ്വരീയമായ ഐശ്വര്യമാണ്. ഉദാഹരണത്തിന്, ധാന്യങ്ങള്‍ വിളഞ്ഞ് വയലേലകളെ പൊന്നണിയിക്കുന്നതും വസന്തകാലത്ത് എല്ലാടവും പൂത്തുലയുന്നതും ആതിരനിലാവും ആകാശത്തുനിന്ന് നിര്‍ലോഭം വര്‍ഷിക്കുന്ന ജലവും കുട്ടികളുടെ നിഷ്‌കളങ്കതയും ഐശ്വര്യമാണ്.
മനുഷ്യന്റെ പേശീബലത്തെയല്ല പ്രകൃതിയിലെ മഹാശക്തികളെയാണ് ഊര്‍ജിതമെന്നു പറഞ്ഞിരിക്കുന്നത്. സൗരമണ്ഡലത്തിനു മുഴുവന്‍ ചൂടും വെളിച്ചവും നല്‍കുന്ന സൂര്യനും ഇടിയും മിന്നലും ഭൂകമ്പവും അഗ്‌നിപര്‍വതവും മറ്റും മനുഷ്യനിര്‍മിതമായ ശക്തികളെയെല്ലാം മറികടക്കുന്നവയാണല്ലോ.
മഹിമയും ഐശ്വര്യവും ഊര്‍ജവും ഇങ്ങനെ പ്രകടമായി കാണുന്നത് പരംപൊരുളിന്റെ സാന്നിധ്യത്തിന് പ്രത്യക്ഷനിദര്‍ശനമായതിനാല്‍ ഇവയെ പ്രത്യേകം എടുത്തു പറയുന്നു. ഇവയില്‍നിന്നു തുടങ്ങിയാല്‍ എല്ലാ ചരാചരങ്ങളിലും ആ സാന്നിധ്യമുണ്ടെന്നു കാണാന്‍ ക്രമേണ കഴിയും. പ്രത്യക്ഷത്തില്‍നിന്ന് പരോക്ഷത്തിലേക്ക് പോകാന്‍ ആലോചനാശീലം മതിയാകുമല്ലോ. ആ ആലോചന ചെന്നെത്തുക ജഗത്താകെ പരമാത്മമയം എന്ന നിഗമനത്തിലുമായിരിക്കും.
(തുടരും)





