
ഗീതാദര്‍ശനം - 340
Posted on: 09 Oct 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
ദണ്ഡോ ദമയതാമസ്മി
നീതിരസ്മി ജിഗീഷതാം
മൗനം ചൈവാസ്മി ഗുഹ്യാനാം
ജ്ഞാനം ജ്ഞാനവതാമഹം
ശാസനം നടത്തുന്നവരുടെ ദണ്ഡക്രിയ ഞാനാകുന്നു. ജയിക്കാനാഗ്രഹിക്കുന്നവരുടെ ന്യായം (ധര്‍മമാര്‍ഗം) ഞാനാകുന്നു. രഹസ്യങ്ങളില്‍ മൗനം ഞാനാകുന്നു. ജ്ഞാനികളിലെ ജ്ഞാനവും ഞാന്‍തന്നെ.
അധികാരത്തിന്റെയും അറിവിന്റെയും കാര്യങ്ങളാണ് ഈ പദ്യത്തില്‍ പറയുന്നത്. ഭരണാധികാരികളായാലും കുടുംബനാഥരായാലും ഗുരുനാഥരായാലും അവര്‍ക്ക് ചിലപ്പോള്‍ ശിക്ഷ നടപ്പാക്കേണ്ടിവരും. തങ്ങള്‍ക്ക് അതിനുള്ള അധികാരം ജന്മാര്‍ജിതമെന്നോ തങ്ങള്‍ സമ്പാദിച്ചതെന്നോ അവര്‍ക്കു തോന്നിയാല്‍ അനിഷ്ടഫലങ്ങളുണ്ടാകും. ചെങ്കോല്‍ മുതല്‍, ചൂരല്‍, ലാത്തി, ജലപീരങ്കി, തോക്ക്, അണുശക്തി എന്നിവ വരെ എല്ലാതും ഈശ്വരദത്തമെന്നോ ഈശ്വരന്‍തന്നെയെന്നോ അറിഞ്ഞാല്‍ ലോകഹിതം നടക്കും. മാത്രമല്ല, ഏതൊരാള്‍ക്കും തനിക്കു കിട്ടിയ ഏത് ശിക്ഷയെ ധ്യാനവിഷയമാക്കിയാലും പരംപൊരുളിനെ അറിയാനാവും!
ജയിക്കുന്നവരിലെ ധര്‍മബോധം ഞാനാകുന്നു. ഏത് പോരിനും നിദാനമായി ദൃഢവും സത്യവുമായ ഒരു നിലപാട് വേണം. കവര്‍ച്ചയിലും പിടിച്ചുപറിയിലും ഇതില്ല. അതിനാല്‍ അതിലൊന്നും ശരിയായ ജയമില്ല. എല്ലാവര്‍ക്കും നീതി എന്നു തോന്നുന്ന കാര്യത്തിനായുള്ള പോരിലേ ജയമുള്ളൂ. അതില്‍ ജീവന്‍ പോയാലുമത് തോല്‍വിയുമല്ല. ഈ നീതിബോധം ഈശ്വരീയമാണ്. മിണ്ടാതിരിക്കുന്നവനാണ് മുനി. മിണ്ടാതിരിക്കുന്നത് പക്ഷേ, അകത്താണ്. പുറത്തെ ലോകവുമായി അദ്ദേഹം ഇടപെടും, ആവശ്യമുള്ളതൊക്കെ പറയും, എഴുതും, പാടും. അപ്പോഴും തന്റെ ഉള്ളില്‍ ഒരു കടലും ഇരമ്പാതെ കാക്കും.
കാമക്രോധങ്ങള്‍ ഉള്ളില്‍ ചുരമാന്തുകയില്ല. ഉള്ളം ഉള്ളത്തോടുതന്നെ കലഹിക്കില്ല, കിട്ടാത്തതിനെ ഓര്‍ത്ത് കരയുകയോ കിട്ടിയതിന് നഷ്ടം വരുമെന്നോര്‍ത്ത് 'ശ്ശൂ!' എന്ന് സാങ്കല്പികമോഷ്ടാക്കളെ ആട്ടിയകറ്റിക്കൊണ്ടിരിക്കയോ, സുഖം നല്‍കാത്തതിന് അന്യരെ ശകാരിച്ചുകൊണ്ടിരിക്കയോ ഒന്നും ചെയ്യില്ല. പ്രശാന്തമായ ചിത്തം പരമാത്മസ്വരൂപത്തില്‍ ലയിച്ച് സുഖമായി ഇരിക്കും. പരമാത്മതത്ത്വം രാജഗുഹ്യമാണ് എന്ന് പറയുകയുണ്ടായല്ലോ. ആ പരമരഹസ്യത്തിന്റെ മുഖമുദ്ര മൗനമാണ്. അത് ആ പരമരഹസ്യംതന്നെയാണ്. ഈ രഹസ്യം അറിയാവുന്ന ആളാണ് ജ്ഞാനി. അതിനാല്‍ ജ്ഞാനിയുടെ ജ്ഞാനം എന്നതും ആ രഹസ്യംതന്നെയാണ്.
(തുടരും)





