githadharsanam

ഗീതാദര്‍ശനം - 337

Posted on: 06 Oct 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


ബൃഹത്സാമ തഥാ സാമ്‌നാം
ഗായത്രീ ഛന്ദസാമഹം
മാസാനാം മാര്‍ഗശീര്‍ഷോശഹം
ഋതൂനാം കുസുമാകരഃ

അപ്രകാരംതന്നെ സാമഗാനങ്ങളില്‍ ബൃഹത്സാമവും ഛന്ദസ്സുകളില്‍ ഗായത്രിയും മാസങ്ങളില്‍ ധനുവും ഋതുക്കളില്‍ വസന്തവും ഞാനാകുന്നു.

ഈ പദ്യത്തില്‍ ഗീതാകാരന്‍ ഹൃദയതാരള്യത്തിലൂടെ ആത്മസാക്ഷാത്കാരത്തിലേക്കുള്ള കവാടങ്ങളാണ് കാണിക്കുന്നത്. സാമവേദത്തിലെ സംഗീതപ്രധാനങ്ങളായ മന്ത്രങ്ങളാണ് സാമങ്ങള്‍. സാമഗാനാലാപനത്തിന് ദീര്‍ഘകാലത്തെ പരിശീലനം വേണം. സാമഗാനങ്ങളില്‍ ഏറ്റവും പ്രധാനം ബൃഹത്സാമം എന്ന ഭാഗമാണെന്ന് ഛാന്ദോഗ്യോപനിഷത്ത് (2-14-1) പറയുന്നു. സംഗീതമാധുരിയും സാഹിത്യഗുണവും ഉള്‍വെളിച്ചവും ഇതിനെ അന്യൂനമാക്കുന്നു. ഇത് ആത്മവിസ്മൃതിയും ലയവും ആനന്ദവും പ്രദാനം ചെയ്യുന്നു. നേരത്തെ ചിത്രരഥന്‍ എന്ന ഗന്ധര്‍വനെപ്പറ്റി പറഞ്ഞതുതന്നെയാണ് ഇവിടെയും വൈശിഷ്ട്യത്തിന് കാരണം. മാതൃകയായ ഗായകനെക്കുറിച്ച് പറഞ്ഞപോലെ ഗാനമാതൃകയെക്കുറിച്ചും പറയുന്നു.

എട്ടക്ഷരങ്ങള്‍ വീതം ഉള്ള മൂന്നു വരികളോടുകൂടിയ സംസ്‌കൃതവൃത്തമാണ് ഗായത്രി. പ്രസിദ്ധമായ ഗായത്രി എന്ന മന്ത്രം ഈ വൃത്തത്തിലാണ്. ഗാനാത്മകമായ അവതരണത്തിന് വഴങ്ങുന്നതാണ് ഈ വൃത്തം. ഇതിന് ഹൃദയമിടിപ്പിന്റെ താളമുണ്ടെന്നു പറയാറുണ്ട്. വൃത്തങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ ശബ്ദമാത്രകളിലൂടെ ഏറ്റവും ഫലപ്രദമായി ലയമുളവാക്കാന്‍ ഗായത്രിക്ക് കഴിയും. ബോധത്തിലേക്ക് സൂചിമുനപോലെ തുളച്ചു കയറുന്ന ആനന്ദമാണ് അത് ഉളവാക്കുക. ശബ്ദം, താളം, അര്‍ഥം എന്നിവയെ സമഞ്ജസമായി സമ്മേളിപ്പിക്കുന്നതിനുള്ള കഴിവില്‍ അപൂര്‍വതയുള്ളതിനാല്‍ ഗായത്രി എന്ന വൃത്തത്തിലും പരംപൊരുളിന്റെ പ്രാഭവം കാണാം.

ധനുമാസം തിരുവാതിരക്കാലമാണ്. ഉത്സവങ്ങളുടെയും ആതിരനിലാവിന്റെയും പുളകകാലം. പ്രകൃതി മനുഷ്യനിലെ രതിഭാവത്തിന് ആക്കം കൂട്ടുന്ന നാളുകള്‍. വസന്തമാകട്ടെ, പൂക്കളുടെ മനോഹാരിതയോടെ ഭൂപ്രകൃതി പുഷ്പിണിയാകുന്ന ഉത്സവകാലംതന്നെ.

ഇവിടെയെല്ലാം പറയുന്നത് ആനന്ദകരങ്ങളായ അനുഭൂതികളെക്കുറിച്ചാണ്. ഇവയാകട്ടെ, കറയറ്റ ആനന്ദങ്ങളുമാണ്. സ്ഥാനമാനഭേദമില്ലാതെ സമമായി അനുഭവിക്കാവുന്ന ആനന്ദം. കളങ്കതരാഹിത്യം ഈ ആനന്ദത്തെ സച്ചിദാനന്ദത്തോട് സമാന്തരമാക്കുന്നു. അതിനാല്‍ അതിനു ഹേതുക്കളായവയെ പരംപൊരുളിന്റെ വിഭൂതികളായി എണ്ണുന്നു.

(തുടരും)






MathrubhumiMatrimonial