
ഗീതാദര്‍ശനം - 336
Posted on: 05 Oct 2009
വിഭൂതിയോഗം
മൃത്യു സര്‍വഹരശ്ചാഹം
ഉദ്ഭവശ്ച ഭവിഷ്യതാം
കീര്‍ത്തിഃ ശ്രീര്‍വാക് ച നാരീണാം
സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ
സര്‍വത്തെയും ഹരിക്കുന്ന മൃത്യുവും ഭാവിയിലുണ്ടാകാനിരിക്കുന്ന എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനവും ഞാനാകുന്നു. സ്ത്രീകളില്‍ കീര്‍ത്തി, ശ്രീ, വാക്ക്, സ്മൃതി, മേധ, ധൈര്യം, ക്ഷമ ഇവ ഞാനാകുന്നു.
എല്ലാറ്റിനെയും ഇല്ലായ്മ ചെയ്യുന്ന മൃത്യു എന്ന പ്രസ്താവത്തെ, വ്യാപകമായ 'സ്‌ളേറ്റ് മായ്ക്കല്‍' എന്ന അര്‍ഥത്തിലേ എടുക്കാനാവൂ. സര്‍വം എന്നാല്‍ ഒന്നുമേ ബാക്കിയാകാതെ എന്നാണല്ലോ. പ്രപഞ്ചത്തിന്റെ വികാസപരിണാമത്തില്‍ സൃഷ്ടിയുടെയും നാശത്തിന്റെയും ഓളങ്ങള്‍ ഒന്നിനു പിന്നാലെ മറ്റേതെന്ന ക്രമത്തില്‍ സംഭവിക്കുന്നു. സംഹാരത്തിന്റെ വിരുദ്ധദ്വന്ദ്വമാണ് സൃഷ്ടി. പ്രപഞ്ചത്തിന്റെ സ്പന്ദനമെന്നാല് ഫലത്തില്‍ പ്രകൃതി എന്ന അവ്യക്തമാധ്യമത്തിന്റെ 'സാന്ദ്രത'യുടെ വേലിയേറ്റവും വേലിയിറക്കവുമാണ്. ഒരു പ്രത്യേക 'സാന്ദ്രത'യില്‍ ഉരുത്തിരിയുന്ന ചെറുസ്പന്ദങ്ങള്ക്കും അവയുടെകൂട്ടായ്മകള്‍ക്കും ആ 'സാന്ദ്രത'യിലെ വ്യതിയാനത്തിന്റെ ഒരു പരിധിക്കപ്പുറത്ത് പുലരാനാവില്ല. പക്ഷേ, ഇതേ തരത്തിലുള്ള കണങ്ങള്‍ക്കും അവയുടെ കൂട്ടായ്മകള്‍ക്കും പുലരാവുന്ന 'സാന്ദ്രത' 'തൊട്ട് അപ്പുറ'ത്ത് ലഭ്യമാകുന്നു. അതിനാല്‍ അവിടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് പുതുശരീരങ്ങളുടെ നിര്‍മിതി സാധിക്കും. സൃഷ്ടി 'അവിടെ' വീണ്ടും അരങ്ങേറുന്നു.
ഇത്തരം സര്‍വനാശത്തിലേറെ സമ്പൂര്‍ണമാണ് പ്രപഞ്ചം അടുത്ത സ്പന്ദത്തിലേക്കു പ്രവേശിക്കുമ്പോള്‍ സംഭവിക്കുന്ന 'മായ്ക്കല്‍'. അന്നേരം പ്രപഞ്ചമൊട്ടാകെ ചുരുങ്ങി നേരത്തെ പറഞ്ഞ 'കുള്ള'നായ വിഷ്ണുവിലേക്കു പിന്‍വലിയുന്നു. ആ സങ്കോചിതാവസ്ഥ അടുത്ത പ്രപഞ്ചാവതരണത്തിന്റെ മഹാബീജം. അപ്പോള്‍ എല്ലാ രൂപനിര്‍മാണക്ഷേത്രങ്ങളും അതില്‍ നിഹിതങ്ങളായിരിക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നു നടക്കുന്ന സൃഷ്ടിയുടെ നിധാനവും പരംപൊരുളാണ്.
സ്‌ത്രൈണങ്ങളായ ഏഴു മഹാഗുണങ്ങളെ പരാമര്‍ശിക്കുന്നതിലൂടെ ഗീത സ്ത്രീത്വത്തിന് കല്പിക്കുന്ന മഹത്ത്വം വെളിപ്പെടുന്നു. മാതൃത്വത്തിന്റെ മഹിമയാണല്ലോ മക്കളുടെ ഉത്കര്‍ഷത്തിന് ആസ്പദം. പ്രകൃതി എന്ന അമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുന്നു, നല്ലവരായാലും അല്ലെങ്കിലും ഒരുപോലെ സ്‌നേഹിക്കുന്നു, പ്രതിഫലേച്ഛയില്ലാതെ. കര്‍മയോഗത്തിന്റെ വഴിയാണിത്. ജീവലോകത്തിലെ അമ്മമാരും ഇതുതന്നെ ചെയ്യുന്നു. ഇതില്‍ മനുഷ്യകുലത്തിലെ അമ്മമാര്‍ക്ക് അധികകഴിവുകളുള്ളതിനാല്‍ ആ സ്വഭാവം കൂടുതലായി പൂത്തുലയുന്നു. സഹനത്തിന്റെ വഴിയിലൂടെ അമ്മമാര്‍ കീര്‍ത്തി നേടുന്നു. ശാലീനതയും ഔദാര്യവും, ജീവിതസൗഭാഗ്യത്തെ ഏവര്‍ക്കും പകര്‍ന്നു നല്‍കാനുള്ള സന്മനോഭാവവുമാണ് ശ്രീത്വത്തിന്റെ ലക്ഷണങ്ങള്‍. ആകാരസൗഷ്ഠവത്തിലധികമായി കാളിദാസന്റെ ശകുന്തളയ്ക്കുണ്ടായിരുന്നത് ശ്രീത്വമാണ്. മക്കളെ സമാശ്വസിപ്പിക്കാനും ശാന്തരാക്കാനുമുള്ള കഴിവിന്റെ ഭാഗമായ വാത്സല്യപൂര്‍ണമായ വാക്ക് സ്ത്രീത്വത്തിന്റെ മറ്റൊരു സ്വാഭാവികഗുണമാണ്. അതുള്ളവര്‍ സരസ്വതീദേവിയുടെ അവതാരങ്ങള്‍തന്നെ. അമ്മയുടെ ഓര്‍മയില്‍ എപ്പോഴും സന്താനങ്ങള്‍ വിലസുന്നു. അഭംഗുരമാണ് ആ സ്മൃതി. സ്വന്തംകാര്യങ്ങള്‍ മറന്നാണ് അത് പുലരുക. മുന്‍നടക്കുന്ന ബുദ്ധിയാണ് മേധ. കുഞ്ഞുങ്ങളുടെ സംരക്ഷ എന്ന പരമലക്ഷ്യം നേടാനുള്ളതിനാല്‍ മേധാശക്തി സ്ത്രീകള്‍ക്കാണ് കൂടുതലെന്ന സത്യം ഇനിയും ലോകം അംഗീകരിച്ചിട്ടില്ല.
ബ്രഹ്മവിദ്യയുടെ ആദിഗുരു ഉമ എന്ന ഹൈമവതിയാണ്. ഗാര്‍ഗി ജനകന്റെ സദസ്സില്‍ യാജ്ഞവല്‍ക്യമഹര്‍ഷിയുമായി വാദത്തിലേര്‍പ്പെടുന്നു. ധൈര്യത്തിന്റെ കാര്യത്തിലും മുന്നില്‍ സ്ത്രീതന്നെ. എത്ര ദുര്‍ബലയായ സ്ത്രീയും ഏതു ചെകുത്താനോടും തന്റെ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി ധീരമായി പൊരുതും. തന്റെ മക്കളെ തിന്നാന്‍ വരുന്ന ചെന്നായ്ക്കളില്‍നിന്ന്, തന്റെ ദേഹം അറുത്തെറിഞ്ഞു കൊടുത്ത് മക്കളെ രക്ഷിക്കാന്‍ ഏത് പുരുഷന് കഴിയും? 'ക്ഷമയിങ്കല്‍ ഭൂമീദേവിയോളം' എന്നാണ് മുത്തശ്ശിപ്പാഠം. സ്ത്രീ ക്ഷമയുടെ അവതാരമാണെന്നു പറയാം. ഇപ്പറഞ്ഞ ഏഴു ഗുണങ്ങളും പരമാത്മസാരൂപ്യത്തിന് ശ്രമിക്കുന്നവര്‍ക്ക് ആവശ്യമാണ്. ഇവയെല്ലാം ആരിലുണ്ടോ ആ ആളില്‍ പരമാത്മപ്രഭാവം തെളിഞ്ഞു കാണാം.
ആണിനോ പെണ്ണിനോ ആര്‍ക്കാണ് ഈശ്വരനിലേക്കുള്ള വഴി എളുപ്പം എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട, പെണ്ണിനുതന്നെ. സ്ത്രീക്ക് പുരുഷനോട് സമത്വം കൈവരണമെന്ന് അലറി വിളിക്കുന്നവര്‍, തങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ഉള്ളതില്‍ എത്രയോ കുറഞ്ഞ സ്ഥാനം മതി എന്നാണ് ആവശ്യപ്പെടുന്നത്!
(തുടരും)





