githadharsanam

ഗീതാദര്‍ശനം - 335

Posted on: 01 Oct 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


അക്ഷരാണാമകാരോശസ്മി
ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലഃ
ധാതാഹം വിശ്വതോ മുഖഃ

അക്ഷരങ്ങളില്‍ അകാരവും സമാസങ്ങളില്‍ ദ്വന്ദ്വവും ഞാനാണ്. നാശമില്ലാത്ത കാലം ഞാന്‍തന്നെ. കര്‍മഫലങ്ങളെ കൊടുക്കുന്ന സര്‍വതോമുഖനും ഞാന്‍തന്നെ.
വായ തുറന്നാല്‍ 'അ' ആയി. വായ തുറക്കാതെ ഒന്നും ഉച്ചരിക്കാനാവില്ലല്ലൊ. ലോകഭാഷകളില്‍ മിക്കതിലും ആദ്യാക്ഷരം അ ആയതില്‍ അത്ഭുതമൊന്നുമില്ല. ഓങ്കാരത്തിലെ മൂന്നു മാത്രകളില്‍ ആദ്യത്തേത് അ ആണ്. ആത്മാവിനെ കുറിക്കുന്നത് അകാരംകൊണ്ടാണ്. 'എല്ലാ വാക്കിന്റെയും സത്താണ് അകാരം' (അകാരോ വൈ സര്‍വവാക്) എന്ന് ഉപനിഷത്ത് പറയുന്നു. സംസ്‌കൃതത്തില്‍ എല്ലാ അക്ഷരങ്ങളും അകാരം ചേര്‍ത്തുച്ചരിക്കണം. അകാരത്തിന്റെ മൃദുലമായ ഒഴുക്കുകൊണ്ട് പദങ്ങള്‍ക്കും വാചകങ്ങള്‍ക്കും പ്രത്യേക താളക്രമമുണ്ടാവുന്നു.
അ എന്നാല്‍ എല്ലാമായി. പക്ഷേ, ജഗത്ത് നാനാവിധ വസ്തുക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതില്‍ വിരുദ്ധദ്വന്ദ്വങ്ങളുമുണ്ട്. ഇവയെല്ലാം ഒന്നിച്ചാണിരിക്കുന്നത്. ഇവയെ തുല്യമായ പ്രാധാന്യത്തോടെ കാണുന്നതാണ് ശരി. സം + ആസം = ഒന്നിച്ചിരിപ്പ് ആണ് സമാസം. ഘടകപദങ്ങള്‍ക്ക് വ്യാകരണപ്രകാരമുള്ള പ്രാധാന്യമനുസരിച്ച് സമാസങ്ങളെ തത്പുരുഷന്‍, ബഹുവ്രീഹി, ദ്വന്ദ്വന്‍, അവ്യയീഭാവന്‍ എന്ന് നാലാക്കി തിരിക്കാം. ഇതില്‍ ദ്വന്ദ്വന്‍ ഉഭയപദാര്‍ഥപ്രധാനമാണ്. രാമലക്ഷ്മണൗ = രാമനും ലക്ഷ്മണനും. ഇതേപോലെ സുഖദുഃഖങ്ങളെയും രാഗദ്വേഷങ്ങളെയും ശീതോഷ്ണങ്ങളെയും തുല്യപ്രാധാന്യത്തോടെ ഇണക്കുന്നു. സമത്വഭാവനയാണല്ലൊ പരംപൊരുളിന്റെ മുഖമുദ്രയും ആ പൊരുളിനെ അറിയാനുള്ള വഴിയും, രണ്ടും.
എണ്ണിക്കണക്കാക്കാവുന്ന കാലത്തെക്കുറിച്ചാണ്, അതായത്, അല്പകാലത്തെക്കുറിച്ചാണ് മുപ്പതാമത് ശ്ലോകത്തില്‍ പറഞ്ഞത്. ഇവിടെ മഹാകാലത്തെക്കുറിച്ച് പറയുന്നു. പ്രപഞ്ചസ്​പന്ദത്തിന്റെ ആവൃത്തികാലമാണ് നമ്മുടെ ബ്രഹ്മാണ്ഡത്തില്‍ ആത്യന്തികസമയത്തിന്റെ അളവ്. അടിസ്ഥാനമാനങ്ങളായ ദൂരവും ഭാരവും നേരത്തേ പറഞ്ഞ (അല്പ)സമയവും ഒരുപോലെ ആപേക്ഷികങ്ങളാണെന്ന് ഐന്‍സ്റ്റൈന്‍ തെളിയിച്ചു. അവ പരിണാമികളാണ്. പക്ഷേ, മഹാകാലം പ്രാപഞ്ചികസംഭവങ്ങളെ ആശ്രയിക്കുന്നില്ല. മറിച്ചാണ് ആശ്രിതാശ്രയഭാവം. മഹാകാലം നിരപേക്ഷവും ആത്യന്തികവുമാണ്
(Absolute). അതിന്റെ ഒഴുക്കാണ് സൃഷ്ടിയും സ്ഥിതിയും ലയവും ഉണ്ടാക്കുന്നത്. അതിന്റെ ചാലകശക്തി പരംപൊരുള്‍തന്നെ. ഒരു മുഖമേ നമുക്കുള്ളൂ. അതായത്, ഒരു സമയത്ത് ഒരു ദിക്കേ നമുക്കു കാണാനാവൂ. അതേസമയം നാം സര്‍വ ദിക്കിനെയും ബാധിക്കുന്ന നിരവധി കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നു. എല്ലാം എപ്പോഴും കാണാനും അറിയാനും (എല്ലാടത്തേക്കും മുഖങ്ങള്‍ = സര്‍വജ്ഞത) ഇല്ലാത്തതിനാല്‍ കര്‍മഫലങ്ങള്‍ മുന്‍കൂട്ടി അറിയാനോ നിശ്ചയിക്കാനോ നമുക്കു കഴിയുന്നില്ല. പൂര്‍ണമായ അറിവാണ് പരമാത്മസ്വരൂപം. പ്രപഞ്ചവ്യാപിയായതിനാല്‍ എല്ലാവരുടെയും എല്ലാ കര്‍മങ്ങളുടെയും ഫലങ്ങള്‍ പരംപൊരുള്‍ അറിയുന്നു, തീരുമാനിക്കുന്നു.

(തുടരും)



MathrubhumiMatrimonial