githadharsanam

ഗീതാദര്‍ശനം - 333

Posted on: 29 Sep 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


പവനഃ പവതാമസ്മി
രാമഃ ശസ്ത്രഭൃതാമഹം
ഝഷാണാം മകരശ്ചാസ്മി
സ്രോതസാമസ്മി ജാഹ്‌നവീ

ശുദ്ധീകരണ ഉപാധികളില്‍ പവനനും ആയുധധാരികളില്‍ ശ്രീരാമനും മത്സ്യങ്ങളില്‍ മകരമത്സ്യവും നദികളില്‍ ജാഹ്‌നവിയും ഞാനാകുന്നു.
വായു എന്ന ലൗകികാര്‍ഥത്തിനു പുറമെ പവനന്‍ എന്ന വാക്കിന് ശുദ്ധിയാക്കുന്നവന്‍ എന്നും വിഷ്ണു എന്നുംകൂടി അര്‍ഥങ്ങളുണ്ട്. പവനപദത്തിന് കുശവന്റെ ആല, പതിര്‍ നീക്കല്‍, അരിപ്പ എന്നിങ്ങനെയും അര്‍ഥം കാണുന്നു.

അവ്യക്തമാധ്യമത്തിലെ 'സാന്ദ്രതാവ്യതിയാന'ക്കാറ്റ് എന്നും ഈ പവനനെ പറയാം. ആ കാറ്റ് എല്ലാ ചരാചരങ്ങളെയും പ്രലയിപ്പിച്ച് അന്തരീക്ഷം ശുദ്ധമാക്കുന്നു.

ആയുധധാരികളില്‍ അഗ്രഗണ്യനായ ശ്രീരാമനും പരംപൊരുളിന്റെ നിദര്‍ശനമാണ്. ഏത് വിദ്യയും കഴിവും പ്രപഞ്ചത്തിലെ അടിസ്ഥാനശക്തികളുടെ അത്യാശ്ചര്യകരമായ ഏകോപനത്തിന്റെ പ്രകടനമാണെന്നിരിക്കെ ഏതെങ്കിലും കഴിവില്‍ അഗ്രഗണ്യത്വം എവിടെ കാണുന്നുവോ അവിടെ പരംപൊരുളിനെ താരതമ്യേന എളുപ്പത്തില്‍ ദര്‍ശിക്കാം. വില്ലെടുത്തവരില്‍ മുമ്പനാണ് രാമന്‍. (കാമക്രോധാദി ആസുരഭാവങ്ങളുടെ പത്തു ശിരസ്സുകളും ഛേദിച്ച രാമന്‍ സ്ഥിതപ്രജ്ഞനാണെന്ന താത്ത്വികാര്‍ഥവും ഗ്രഹിക്കുക.)
വരുണന്റെ വാഹനമാണ് മകരമത്സ്യം. തിമിംഗിലമെന്നും മുതല എന്നും അര്‍ഥം കാണുന്നു. കാമദേവന്റെ കൊടിയടയാളവും മകരമത്സ്യമാണ്. പുരാണകഥകളിലെ സാങ്കല്പികജീവിയാണെന്നു കരുതുന്നതാവും ശരി. വെള്ളത്തിലായാലും കരയിലായാലും ഏറ്റവും മുന്‍പന്തിയിലുള്ളതിനോടും ഏറ്റവും വലുതിനോടും മനുഷ്യന് എന്നുമുള്ള ആരാധനാഭാവം ഈശ്വരാഭിമുഖ്യത്തിന്റെ മറ്റൊരു തലമാണെന്നേ ധരിക്കേണ്ടൂ.

ജാഹ്‌നവി എന്നാല്‍ ഗംഗ. പക്ഷേ, ആ പേരില്‍ യഥാര്‍ഥത്തിലുള്ള നദിയെ അല്ല പുരാണകഥകളിലെ സങ്കല്പത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് ജാഹ്‌നവി എന്ന പ്രയോഗം തെളിയിക്കുന്നു. ഭഗീരഥന്‍ പിതൃക്കളുടെ മോക്ഷത്തിനായി സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേയ്ക്ക് ഒഴുക്കിയപ്പോള്‍ ജഹ്‌നുമഹര്‍ഷിയുടെ ആശ്രമം കുത്തിയൊലിക്കയാല്‍ മഹര്‍ഷി ഗംഗയെ മുഴുക്കെ കുടിച്ചു വറ്റിച്ചതായും ബന്ധപ്പെട്ടവരുടെ പ്രാര്‍ഥനാഫലമായി പിന്നെ അതിനെ തന്റെ ചെവിയിലൂടെ പുനര്‍ജനിപ്പിച്ചതായുമുള്ള കഥയെയാണ് ആ പേര് സൂചിപ്പിക്കുന്നത്. വാമനന്‍ മുപ്പാരുമളക്കാന്‍ കാലുയര്‍ത്തിയപ്പോള്‍ പാദം സത്യലോകത്തെത്തിയെന്നും ബ്രഹ്മാവ് ആ കാല്‍ കഴുകിച്ചപ്പോള്‍ ഉണ്ടായതാണ് ജാഹ്‌നവി എന്നുമാണ് മറ്റൊരു കഥ. ശിവശിരസ്സില്‍ കുടികൊള്ളുന്ന ആര്‍ദ്രതയായി ഇനിയുമൊരു കഥ. ഇറങ്ങി കുളിക്കുന്നവരുടെ പാപങ്ങള്‍ കഴുകി കൊണ്ടുപോകുന്ന മഹേശ്വരി എന്ന് മറ്റൊരു സ്ഥാനം. മനുഷ്യമനസ്സിലൂടെ ആജീവനാന്തം പുളകദായകമായി ഒഴുകുന്ന അദൃശ്യമായ ഒരു പുണ്യപ്രവാഹത്തെക്കുറിച്ച് നിരവധി കഥകളും സങ്കല്പങ്ങളും ഉണ്ടായത് സ്വാഭാവികം. ആ പ്രവാഹത്തിന്റെ സ്ഥിതിഗതികളെയും ഉത്ഭവസ്ഥാനത്തെയും ധ്യാനിച്ചാലും പരംപൊരുളിനെ അറിയാം.

(തുടരും)



MathrubhumiMatrimonial