
കാലാവസ്ഥാവ്യതിയാനം: സമ്പന്നരാഷ്ട്രങ്ങള്‍ ശൈലി മാറ്റണം-ഇന്ത്യ
Posted on: 24 Sep 2009

യുണൈറ്റഡ് നേഷന്‍സ്: കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാന്‍ വികസിതരാജ്യങ്ങള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. 2020-ഓടെ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 40 ശതമാനമായി കുറയ്ക്കുമെന്ന വാഗ്ദാനം വികസിതരാഷ്ട്രങ്ങള്‍ പാലിക്കണമെന്നും ന്യൂയോര്‍ക്കില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കൃഷ്ണ ആവശ്യപ്പെട്ടു.
''വികസിതരാഷ്ട്രങ്ങളുടെ ഉത്പാദന, ഉപഭോഗ രീതികളും ജീവിതശൈലിയുമാണ് കാലാവസ്ഥാവ്യതിയാനത്തിനു കാരണമെന്ന അടിസ്ഥാനധാരണ മറക്കാനാവില്ല. ഇത് ഇങ്ങനെ തുടരാനാവില്ല'' -കൃഷ്ണ പറഞ്ഞു.
ഇതിനിടെ, വാതകവ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നിലപാട് നിര്‍ണായകമാണ്. ഇന്ത്യയുടെ തീരുമാനം കോപ്പന്‍ഹേഗന്‍ ഉച്ചകോടിയെക്കുറിച്ച് തനിക്ക് പ്രതീക്ഷ പകരുന്നതായും മൂണ്‍ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ ഇന്ത്യ ദേശീയ കാലാവസ്ഥാപദ്ധതി നടപ്പാക്കുമെന്ന പരിസ്ഥിതി-വനംമന്ത്രി ജയറാം രമേഷിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബാന്‍ കി മൂണ്‍.
കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള പദ്ധതിയില്‍ അമേരിക്ക കൂടുതല്‍ ഗൗരവത്തോടെ പങ്കെടുക്കുമെന്നും ഭാവിതലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കുന്നതിനായി പുതിയ കരാറിന് രൂപം നല്കാന്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ചേരുന്ന യു.എന്‍. ഉച്ചകോടിയുടെ മുന്നോടിയായാണ് നൂറോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ സമ്മേളിച്ചത്.
കാലാവസ്ഥാമാറ്റം അഭയാര്‍ഥി പ്രവാഹം സൃഷ്ടിക്കും
കാലാവസ്ഥാ കരാര്‍: ഭിന്നത തുടരുന്നു
ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ധാരണ
Tags: global warming, environment, India, climate




