
ഗീതാദര്‍ശനം - 331
Posted on: 16 Sep 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
അനന്തശ്ചാസ്മി നാഗാനാം
വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി
യമഃ സംയതാമഹം
നാഗങ്ങളില്‍ അനന്തനും ജലദേവതകളില്‍ വരുണനും ഞാനാകുന്നു. പിതൃക്കളില്‍ ആര്യമാവും നിയമപാലനം (ദണ്ഡനീതി) നടത്തുന്നവരില്‍ യമനും ഞാനാകുന്നു.
അനന്തന്‍ നാഗമാണ്, വിഷമില്ല. ആയിരം നാക്കുണ്ടെന്നാണ് സങ്കല്പം. അനന്തമാണ് ശരീരം. അത് ചുരുണ്ടുണ്ടായ മെത്തയിലാണ് മഹാവിഷ്ണു നീണ്ടു നിവര്‍ന്നു കിടക്കുന്നത്. ആ വിഷ്ണുവിന്റെ നാഭിയില്‍ തണ്ടൂന്നി വിടരുന്ന താമരയിലാണ് ബ്രഹ്മാവ് ഇരിക്കുന്നത്.
പ്രപഞ്ചത്തിന്റെ സ്പന്ദം ആരംഭിക്കുന്ന അവസ്ഥയുടെ പ്രതീകാത്മകചിത്രം. അനന്തമായ കാലം ചുരുള്‍ നിവര്‍ന്നു വരുന്നേ ഉള്ളൂ. സ്പന്ദകാരണമായ മഹാശക്തി അതിന്‍മേല്‍ വിരാജിക്കുന്നു. അതിന്റെ നാഭിയില്‍നിന്ന് ദൃശ്യപ്രപഞ്ചം ഇതള്‍ വിടരാന്‍ തുടങ്ങുന്നു. അതില്‍ ദിക്കുകളെന്ന നാലു മുഖമുള്ള സ്‌പേസ് ഉപവിഷ്ടമായിരിക്കുന്നു.
തീര്‍ച്ചയായും, അനന്തമായ കാലം ബ്രഹ്മംതന്നെ.
പുരാണങ്ങളില്‍ ഒരുപാട് ജലദേവതകളുണ്ട്. അവരില്‍ പ്രധാനി വരുണനാണ്. അഷ്ടദിക്പാലകരില്‍ ഒരാള്‍കൂടിയാണ് അദിതിപുത്രനായ വരുണന്‍. വെള്ളം പ്രാണന്റെ നിലനില്പിന് അനുപേക്ഷണീയമാണ്. നാരായണന്‍ വെള്ളത്തില്‍ ശയിക്കുന്നവനാണ്. വിശുദ്ധിയാണ് വെള്ളത്തിന്റെ അധിദേവത. ജലം എന്ന വിഭൂതിയില്‍ പരമാത്മസാന്നിദ്ധ്യം കാണാം.
അദിതിയുടെ മറ്റൊരു പുത്രനാണ് ആര്യമാവ്. ആര്യമാവിനെ പിതൃലോകത്തെ രാജാവ് എന്നു വിളിക്കുന്നു. ഗുരു നിത്യചൈതന്യയതി ഇപ്രകാരം പറയുന്നു: ''ബോധത്തില്‍ വന്നു പ്രകാശിച്ചതില്‍പ്പിന്നെ അബോധത്തില്‍ മറഞ്ഞുപോകുന്ന ഓര്‍മയെ തിരികെ ഉണര്‍ത്തിത്തരുന്ന ശക്തിവിശേഷമാണ് ആര്യമാവ് എന്ന് മനഃശാസ്ത്രപരമായി പറയാം.'' എന്നാല്‍, രൂപനിര്‍മാണക്ഷേത്രമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ വേറൊരു തരത്തിലും ആര്യമാവിനെ കാണാം. അണുകണം മുതല്‍ എല്ലാ ചരാചരങ്ങള്‍ക്കും അനാദിയായ രൂപനിര്‍മാണക്ഷേത്രങ്ങള്‍ ഉണ്ടല്ലോ. ഈ ക്ഷേത്രങ്ങളില്‍ ഒരിക്കലെങ്കിലും ശരീരമെടുത്തവയെല്ലാം പിതൃക്കളാണ്. ഇവയുടെ അധിദേവതയായാണ് പൗരാണികര്‍ ആര്യമാവിനെ സങ്കല്പിച്ചിരിക്കുക. (ഇനിയും ശരീരമെടുക്കാനിരിക്കുന്ന കന്യാക്ഷേത്രങ്ങളുടെ അധിദേവത ബ്രഹ്മാവും. ഇവരുടെ പേരുകളുടെ സാരൂപ്യം ശ്രദ്ധിക്കുക. വരുണന്‍ എന്നപോലെ ആദിത്യന്റെ സഹോദരനുമാണ് ആര്യമാവ്.)
ഉണ്ടായതിനൊക്കെ നാശമുണ്ടാകുന്നത് പുതുതായി പലതുമുണ്ടാകാനുള്ള രംഗവേദിയൊരുക്കമാണ്, വിശ്വപാലനത്തിലെ അനിവാര്യതയാണ്. മാത്രമല്ല, ഒരു തടസ്സവും ഇല്ലാത്ത നൈരന്തര്യം പ്രകൃതിയില്‍ ഒന്നിനുമില്ല. ഹൃദയം മിനിറ്റില്‍ എഴുപത്തിരണ്ടു തവണ നില്‍ക്കുന്നുണ്ട്. ശ്വാസം പത്തുപതിനെട്ടു തവണയും നിലയ്ക്കുന്നു. സിരകളിലും ധമനികളിലും രക്തം പ്രവഹിക്കുന്നത് തരംഗങ്ങളായാണ് - ഒഴുക്കു നിലയ്ക്കലും വീണ്ടും തള്ളിയൊഴുക്കും എന്ന രീതിയില്‍. പ്രകൃതിയിലെ എല്ലാ ഊര്‍ജപ്രസാരവും ഇടമുറിഞ്ഞേ സംഭവിക്കൂ എന്ന് മാക്‌സ് പ്‌ളാങ്കിന്റെ ക്വാണ്ടം തിയറി സിദ്ധാന്തിക്കുന്നു. ഇടമുറിയാത്ത ധാരയായാണ് സൂര്യനില്‍നിന്ന് ഊര്‍ജം പ്രസരിക്കുന്നതെങ്കില്‍ ആ തേജോഗോളം കോടാനുകോടി കൊല്ലം മുമ്പേ എരിഞ്ഞു തീര്‍ന്നേനെ. എല്ലാ തരംഗങ്ങളും നിന്നുനിന്നു നീങ്ങുന്നവയാണ്. കാഴ്ചയില്‍ ഈ ഇടനിലകള്‍ വെളിപ്പെടുന്നില്ലെന്നേ ഉള്ളൂ. വിദ്യുത്കാന്തതരംഗങ്ങളുടെ ആവൃത്തികാലം നന്നേ ചെറുതാകയാല്‍ ഈ ഇടനിലകള്‍ അതിക്ഷണികവുമാണ്.
പ്രപഞ്ചത്തില്‍ 'ക്രമസമാധാനം' നിലനില്‍ക്കുന്നത് തടസ്സങ്ങള്‍ കാരണമാണെന്നര്‍ഥം. ജീവിതത്തില്‍ ഏറ്റവും വലിയ വിരാമം മരണംതന്നെ. അങ്ങനെയൊന്നുള്ളതിനാലാണ് പലപ്പോഴും പരംപൊരുളിനെക്കുറിച്ച് ആലോചിക്കാന്‍ ഇട വരുന്നതും അക്രമങ്ങള്‍ ഇത്രയെങ്കിലും കുറഞ്ഞിരിക്കുന്നതും. മരണശിക്ഷയാണല്ലോ ശിക്ഷകളില്‍ ഏറ്റവും വലിയ ശിക്ഷ. എവിടെ നോക്കിയാലും, നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോരുന്ന ഒരു ശക്തിവിശേഷത്തെ പ്രകൃതിയില്‍ കാണാനാവുന്നുണ്ട്. അതിനെ യമന്‍ എന്നു വിളിക്കുന്നു. യമനെ ധ്യാനിച്ചും പരംപൊരുളിനെ അറിയാം.
(തുടരും)





