
ഗീതാദര്‍ശനം - 330
Posted on: 15 Sep 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
ആയുധാനാമഹം വജ്രം
ധേനൂനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദര്‍പ്പഃ
സര്‍പ്പാണാമസ്മി വാസുകിഃ
ഞാന്‍ ആയുധങ്ങളില്‍ വജ്രമാണ്, പശുക്കളില്‍ കാമധേനുവാണ്. പ്രജോല്‍പ്പത്തിക്കു കാമദേവനാണ് ഞാന്‍, വിഷപ്പാമ്പുകളില്‍ വാസുകിയാണ്.
ഇന്ദ്രന്റെ ആയുധമാണ് വജ്രം. മനസ്സിന്റെ പ്രതീകമായി ഇന്ദ്രനെ കാണണം. ആ ഇന്ദ്രന് ഈ ആയുധം കൈവരുന്നത് പൂര്‍ണമായ ബ്രഹ്മചര്യം സാധിക്കുമ്പോഴാണ്. ഏറ്റവും അപ്രതിരോധ്യമായ ഇത് ആത്മനിയന്ത്രണമുള്ളവര്‍ക്കേ ലഭ്യമാകൂ. ആപത്തിനും രക്ഷയ്ക്കും ഒരുപോലെ ഉതകുന്നതാണ് വജ്രായുധം. പക്ഷേ, ആത്മനിയന്ത്രണം തികഞ്ഞവരുടെ കൈയില്‍ അത് ഒരിക്കലും അപായകാരിയാവില്ലല്ലോ. ഈ ആയുധത്തെ ധ്യാനിച്ചാലും പരംപൊരുളിനെ അറിയാം.
മനസ്സെന്ന പാലാഴി നല്ലപോലെ കടഞ്ഞാലാണ് കാമധേനുവും വരിക. വേണ്ടതെല്ലാം അതില്‍നിന്നു ലഭിക്കും. പക്ഷേ, ഇന്ദ്രിയനിയന്ത്രണമുള്ളവനേ അതിനെ കിട്ടൂ. അങ്ങനെയൊരാള്‍ എന്താണ് ആവശ്യപ്പെടുക? പരമാത്മസ്പര്ശം എന്ന ആനന്ദത്തിന്റെ നറുംപാല്‍ മാത്രം. അത് ആവശ്യപ്പെട്ടോളുക, എത്ര വേണമെങ്കിലും തരാം. ഞാന്‍തന്നെയാണ് കാമധേനു.
സര്‍പ്പങ്ങള്‍ പാതാളവാസികളാണ് എന്നാണ് സങ്കല്പം. പാതാളം 'ഭോഗവതി'യാണ്. അതായത്, ഭോഗലാലസതയില്‍ മുഴുകുന്നവരുടെ ലോകം. ആ ലോകത്തിലെ രാജാവാണ് വാസുകി. അതേ വാസുകിതന്നെയാണ് പാലാഴിമഥനത്തില്‍ മന്ഥരപര്‍വതമെന്ന മത്തിനു ചുറ്റും മഹാപാശമായി ഉപകരിച്ചത്. കടഞ്ഞ് അമൃതം കിട്ടുന്നതിനു മുന്‍പ് വാസുകി കാളകൂടം ഛര്‍ദിച്ചു. അനുഭവലോകത്തിലെ രണ്ടറ്റങ്ങളാണിത്. നിത്യാനന്ദം നല്‍കുന്ന അമൃതും തല്‍ക്ഷണം മരണം നല്‍കുന്ന വിഷവും. വാസുകി എന്നാല്‍ ശിരസ്സില്‍ രത്‌നമുള്ളവന്‍, സര്‍പ്പങ്ങളുടെ രാജാവ്. (സര്‍പ്പങ്ങള്‍ക്ക് വിഷമുണ്ട്, ഒരു തലയേ ഉള്ളൂ. നാഗങ്ങള്‍ക്ക് വിഷമില്ല, ഒന്നിലേറെ തലകളുണ്ടുതാനും.) നന്മയ്ക്കും തിന്മയ്ക്കും ഉപയോഗ്യമാകുന്നത് ഒരേ പരമാത്മചൈതന്യമാണ് എന്ന സത്യത്തിന്റെ പ്രതീകമാണ് വാസുകി. ഇത് നിര്‍ണായകമായ അറിവിലേക്കുള്ള സൂചകമായതിനാല്‍ പരമാത്മസ്വരൂപംതന്നെ.
(തുടരും)





