
ഗീതാദര്‍ശനം - 329
Posted on: 14 Sep 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
ഉച്ചൈഃ ശ്രവസമശ്വാനാം
വിദ്ധി മാമമൃതോത്ഭവം
ഐരാവതം ഗജേന്ദ്രാണാം
നരാണാം ച നരാധിപം
കുതിരകളില്‍, അമൃതമഥനത്തില്‍നിന്നുത്ഭവിച്ച ഉച്ചൈശ്രവസ്സായും ആനകളില്‍ ഐരാവതമായും മനുഷ്യരില്‍ രാജാവായും എന്നെ അറിയുക.
പാലാഴിമഥനത്തില്‍നിന്നുണ്ടായവയാണ് ഉച്ചൈശ്രവസ്സും ഐരാവതവും. രണ്ടും ദേവേന്ദ്രന് നല്‍കപ്പെട്ടു. ഇവ രണ്ടും
പരമാത്മവിഭൂതികളില്‍ പ്രധാനപ്പെട്ടവയാണെന്നു പറയുന്നു. പാലാഴിമഥനകഥയുടെ പ്രതീകാത്മകതയിലേ ഈ പ്രസ്താവത്തിന് അര്‍ഥം കണ്ടെത്താനാവൂ. മനസ്സാണ് പാലാഴി. പരംപൊരുള്‍ അതില്‍ കുടികൊള്ളുന്നു. അമൃതം എന്ന ആത്മസാരൂപ്യരസം ലഭിക്കാന്‍ മനസ്സിനെ കടയണം. രാഗദ്വേഷങ്ങള്‍ ഒരു വശത്തും ശമദമാദികള്‍ മറുവശത്തും നിലയുറപ്പിച്ച് കടയുമ്പോള്‍ കാളകൂടം മുതല്‍ വമിക്കും. കുഴപ്പമില്ല, വിഷങ്ങളെയൊക്കെ മഹേശ്വരകാരുണ്യം കൈകാര്യം ചെയ്‌തോളും. ഉച്ചൈശ്രവസ്സിനെ മനസ്സിനുതന്നെകിട്ടും. ശബ്ദം വളരെ അകലെനിന്നു കേള്‍ക്കാനും അതിവേഗം അവിടെ എത്താനും കഴിവുള്ളതാണ് ഈ കുതിര. എന്നു വെച്ചാല്‍ സൂക്ഷ്മമായ ശ്രുതിരഹസ്യം എത്ര പതുക്കെ പറഞ്ഞാലും അറിയാനും അതിന്റെ അര്‍ഥതലത്തില്‍ അതിവേഗം എത്താനുമുള്ള കഴിവുതന്നെ.
ഭീമാകാരമായ വെളുത്ത ആനയാണ് ഐരാവതം. ഗൂഢാവബോധശാസ്ത്രപ്രകാരം വെളുത്ത ആന ആത്മശക്തിയെയും പൂര്‍ണതയെയും കുറിക്കുന്നതായും മായാദേവി സിദ്ധാര്‍ഥരാജകുമാരനെ ഗര്‍ഭം ധരിക്കുമ്മുമ്പ് ആറു കൊമ്പുള്ള വെള്ളാന ദേവിയുടെ പാര്‍ശ്വം പിളര്‍ന്ന് ഉള്ളില്‍ പ്രവേശിച്ചതായി സ്വപ്നം കണ്ട കഥ ശ്രീബുദ്ധചരിതത്തില്‍ പറയുന്നെന്നും ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാട്ടുന്നു.
മിക്ക ജീവിവര്‍ഗങ്ങളിലുമെന്നപോലെ മനുഷ്യസമൂഹങ്ങളിലും സ്വാഭാവികനായകര്‍ ഉണ്ടാകാറുണ്ട്. അവരാണ് പണ്ട് രാജാക്കന്മാരായിരുന്നത്. അവര്‍ക്ക് നേതൃത്വഗുണം എന്ന വൈഭവം ഉണ്ടാകാറുമുണ്ട്. ഈശ്വരചൈതന്യത്തിന്റെ പ്രകടനമാണ് ആ വൈഭവം. രാജപദവി ജന്‍മാര്‍ജിതമായതോടെ സംഗതി മാറി. രാജാവ് (ജനനേതാവ്) യഥാര്‍ഥത്തില്‍ എങ്ങനെ ഉണ്ടായി, എങ്ങനെ ഇരിക്കണം എന്നുകൂടി ഈ പ്രസ്താവം സൂചിപ്പിക്കുന്നു.
(തുടരും)





