
പ്രതിയുെട രക്ഷപ്പെടല്‍ 'ദൃശ്യം' സിനിമാസ്‌റ്റൈലില്‍?
Posted on: 19 May 2015
കോട്ടയം: പാറമ്പുഴ കൂട്ടക്കൊലപാതകത്തിലെ പ്രതിയെന്നുസംശയിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളി എവിടേക്കാണ് മുങ്ങിയത്? 'ദൃശ്യം' സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന മാതൃകയില്‍ പ്രതി മുങ്ങിയതാകുമോ? പോലീസിനെ കബളിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ജയ്‌സിങ് ശ്രമിച്ചതാകുമെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി, കന്യാകുമാരി-മുബൈ ജയന്തിജനത എക്‌സ്പ്രസ്സില്‍ കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് ട്രെയിന്‍ അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. മൊബൈല്‍ഫോണ്‍ തിരച്ചില്‍നടത്തിയ പോലീസ്സംഘത്തിന് ലഭിച്ചില്ല. വീണ്ടും ഇതേ ട്രെയിനിന്റെ യാത്രയിലുടനീളം പലയിടങ്ങളിലും പ്രസന്നകുമാരിയുടെ ഫോണ്‍ ലൊക്കേഷന്‍ ലഭിക്കുന്നതിനാല്‍ പോലീസ് ജയന്തിജനത എക്‌സ്പ്രസ്സിന്റെ സിഗ്നല്‍ പിന്തുടരുകയാണ്. മറ്റുള്ളവരുടെ ഫോണുകള്‍ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. വ്യക്തിപരമായ വിവരങ്ങളൊന്നും അവശേഷിപ്പിക്കാതെയാണ് ജയ്‌സിംങ് രക്ഷപ്പെട്ടത്.





