
ഗീതാദര്‍ശനം - 327
Posted on: 09 Sep 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
മഹര്‍ഷീണാം ഭൃഗുരഹം
ഗിരാമസ്‌മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോ fസ്മി
സ്ഥാവരാണാം ഹിമാലയഃ
മഹര്‍ഷിമാരില്‍ ഭൃഗു ഞാനാകുന്നു. വാക്കുകളില്‍ ഏകാക്ഷരമായ ഓംകാരം ഞാനാകുന്നു. യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരങ്ങളില്‍ ഹിമാലയവും ഞാനാകുന്നു.
തപസ്സുകൊണ്ട് ബ്രഹ്മസാക്ഷാത്കാരം നേടിയ ആളാണ് ഭൃഗുമഹര്‍ഷി. എല്ലാം ബ്രഹ്മമാണെന്ന് ധ്യാനംകൊണ്ട് അദ്ദേഹം സുനിശ്ചിതമാക്കി എന്ന് ഉപനിഷത്തില്‍ പറയുന്നു (തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലി). അദ്ദേഹമെന്ന വിഭൂതി ഈ വിഷയത്തില്‍ മാതൃകയാണ്. അതിനെ പിന്തുടര്‍ന്നാലും അങ്ങെത്താം.
വാക്കുകളില്‍ ഓംകാരമാണ് പരമാത്മാവിന്റെ പ്രാതിനിധ്യസ്വഭാവമുള്ള വിഭൂതിയായി പറയുന്നത്. അ, ഉ, മ എന്ന മൂന്നിന്റെ സംയോഗമാണ് ഓം. അവ്യക്തമാധ്യമത്തിലെ വൈരുദ്ധ്യാത്മകബലങ്ങളുടെ നിലയ്ക്കാത്ത പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളായ സ്പന്ദങ്ങളാണ് പ്രപഞ്ചസൃഷ്ടികളുടെ അടിത്തറ. മൊത്തം പ്രപഞ്ചംതന്നെ ഒരു മഹാസ്പന്ദമാണ്. ചെറുതോ വലുതോ ആകട്ടെ, ഒരു മിടിപ്പിന് മൂന്ന് അവസ്ഥകളേ ഉള്ളൂ. വികാസം, സങ്കോചം, സമസ്ഥിതി എന്നിവയാണ് അവ. ഇവയെ അ, ഉ, മ എന്ന ശബ്ദങ്ങള്‍ പ്രതിനിധീകരിക്കുന്നു. അതായത്, ഓരോ ഓങ്കാരവും ഓരോ സ്പന്ദമാണ്, പ്രപഞ്ചരഹസ്യത്തിന്റെ പ്രതിഫലനമാണ്. അതാണ് സൃഷ്ടിയുടെ അടിസ്ഥാനശ്രുതി. അതിലൂടെ സൃഷ്ടിരഹസ്യത്തില്‍ ലയിക്കാം, അത്രയുമൊത്തില്ലെങ്കില്‍ത്തന്നെ അവനവനെന്ന വാദ്യോപകരണത്തെ പ്രപഞ്ചമെന്ന സംഘഗാനത്തില്‍ ശ്രുതി ചേര്‍ക്കാം. ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മമാണല്ലോ യജ്ഞം. മനസ്സിനെ ഏകാഗ്രമാക്കാന്‍ ഏറ്റവും ഉതകുന്ന പണി ജപമാണ്. എന്തുകൊണ്ടെന്നാല്‍ ജപിക്കുമ്പോള്‍ മനസ്സ് ഒരേ അര്‍ഥതലത്തില്‍ നില്‍ക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ യജ്ഞം അതിനാല്‍ ജപയജ്ഞമാണ്. കാണപ്പെടുന്നതൊന്നും ഉറച്ചു നില്‍ക്കാത്ത ഈ ലോകത്ത് സ്ഥിരതയുടെ ഏറ്റവും നല്ല പ്രതീകം ഹിമാലയംതന്നെ. ഉയരവും വിസ്തൃതിയും അതിനെ ഗംഭീരമാക്കുകയും ചെയ്യുന്നു. ഉറച്ചു നില്‍ക്കുന്നവയില്‍ ഏറ്റവും ഉറച്ചു നില്‍ക്കുന്നത് പരംപൊരുളാണ്. മനുഷ്യദൃഷ്ടിയില്‍ അതിനോട് താരതമ്യ ക്ഷമമായ സ്ഥിരത ഹിമാലയത്തിനുതന്നെ.
(തുടരും)





