ഗീതാദര്‍ശനം - 323
Posted on: 05 Sep 2009
സി. രാധാകൃഷ്ണന്‍
ആദിത്യാനാമഹം വിഷ്ണുഃ
ജ്യോതിഷാം രവിരംശുമാന്‍
മരീചിര്‍മരുതാമസ്മി
നക്ഷത്രാണാമഹം ശശി
ആദിത്യന്മാരില്‍ വിഷ്ണു ഞാനാണ്. ജ്യോതിര്‍ഗോളങ്ങളില്‍ തേജോമയനായ സൂര്യന്‍ ഞാനാണ്. മരുത്തുക്കളില്‍ മരീചി ഞാനാണ്. നക്ഷത്രങ്ങളില്‍ (രാത്രിയില്‍ വെളിച്ചം നല്‍കുന്നവയില്‍) ചന്ദ്രന്‍ ഞാനാണ്.
അദിതിയുടെ മക്കളാണ് ആദിത്യന്‍മാര്‍. ഇവര്‍ എണ്ണത്തില്‍ അഞ്ചെന്നും ആറെന്നും വൈദികസാഹിത്യത്തില്‍ അഭിപ്രായഭേദമുണ്ട്. പിന്നീട്, പന്ത്രണ്ട് മാസങ്ങളെ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ട് ആദിത്യന്‍മാരെപ്പറ്റി പറഞ്ഞു വരുന്നു. വിഷ്ണു, ശുക്രന്‍, ആര്യമാവ്, ധാതാവ്, ത്വഷ്ടാവ്, വിവസ്വാന്‍, പൂഷാവ്, സവിതാവ്, മിത്രന്‍, വരുണന്‍, അംശന്‍, ഭഗന്‍ എന്നിവരാണ് അവര്‍.
എന്തുകൊണ്ടാണ് ആദിത്യന്മാരില്‍ തുടങ്ങിയത്? അദിതിയുടെ ആദ്യപുത്രനായ വിഷ്ണുവിനെ ധ്യാനിച്ചാല്‍ എങ്ങനെയാണ് പരമാത്മസ്വരൂപത്തെ അറിയാന്‍ കഴിയുക?
വാക്കുകളുടെ ശരിയായ അര്‍ഥങ്ങള്‍ ആദ്യം നോക്കാം. അദിതിയുടെ ആദ്യപുത്രനാണ് വിഷ്ണു. അദിതി എന്നാല്‍ ആദിശക്തി. എല്ലാ 'ദേവ'ന്മാരുടെയും മാതാവ്. അഖണ്ഡമായും അനവച്ഛിന്നമായും (മുറിവില്ലാതെയും) ശാശ്വതമായും സ്ഥിതി ചെയ്യുന്നത്. ഭൂമിയെയും ആകാശത്തെയും അതിക്രമിച്ച് ആദിയും അവസാനവുമില്ലാതെ വിരാജിക്കുന്ന വചാമഗോചരമായ വസ്തുവിങ്കല്‍ ആരോപിക്കപ്പെട്ട വാക്ക്. (കൃഷ്ണന്റെ അമ്മ അദിതിയുടെ അവതാരമാണെന്ന് സങ്കല്പം.)
പ്രപഞ്ചഘടന വിശദീകരിക്കാന്‍ ആവിഷ്‌കൃതങ്ങളായ പ്രതീകങ്ങള്‍ വെറും കഥാപാത്രങ്ങളോ അന്ധമായ ആരാധനയ്ക്കുള്ള വിഗ്രഹങ്ങളോ ആയിപ്പോകാതെ അവയുടെ ദാര്‍ശനികമായ അര്‍ഥം പുനഃസ്ഥാപിക്കുകയാണ് ഗീത. (ഇതേ വഴിക്കുള്ള വിചിന്തനമാണ് മനഃശാസ്ത്രജ്ഞനായ യുങ്ങ് തന്റെ 'മനുഷ്യനും അവന്റെ പ്രതീകങ്ങളും' എന്ന കൃതിയില്‍ നടത്തുന്നത്.)
അനന്തകോടി ബ്രഹ്മാണ്ഡങ്ങളില്‍ ഒന്നു മാത്രമാണ് നമ്മുടെ പ്രപഞ്ചം. അതിന്റെ അമ്മയാണ് അദിതി എന്ന മുറിവില്ലാത്ത അക്ഷരമാധ്യമം. ഇവിടെ വിഷ്ണു എന്നാല്‍ അതില്‍ ഏറ്റവും ആദ്യം പിറന്ന ഈ ബ്രഹ്മാണ്ഡത്തിന്റെ ആദിത്യന്‍. വിഷ്ണുവിന് വാമനന്‍ (കുള്ളന്‍) എന്നൊരു പര്യായമുണ്ട്. മറ്റെല്ലാം അതിന്റെ വികാസത്തില്‍ ഉരുത്തിരിയുന്നതായതിനാല്‍, പ്രപഞ്ചമഹാസ്പന്ദത്തിന്റെ സങ്കോചാവസ്ഥയായ അതിനെ ആദ്യവിഭൂതിയായി പറയുന്നു. അനന്തകോടി സൂര്യന്മാര്‍ ചേര്‍ന്നാലുള്ളത്രയും പ്രകാശമുള്ള ഈ ആദിത്യനെ ധ്യാനിച്ചാല്‍ തീര്‍ച്ചയായും പരംപൊരുളിനെ അറിയാന്‍ കഴിവുണ്ടാകും. (മറ്റുള്ള ആദിത്യന്മാര് പ്രപഞ്ചസ്പന്ദത്തില് പിന്നീടുള്ള വിവിധഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു.)
ഒരു മഹാസ്മരണ ക്രമേണ ഉണര്‍ന്നു വരുന്ന രീതിയിലാണ് പ്രപഞ്ചത്തിലെ വികാസപരിണാമങ്ങള്‍ സംഭവിക്കുന്നതെന്നും വിഷ്ണുവിനെ ഈ മഹാസ്മരണയായി സങ്കല്പിക്കാമെന്നും ഗുരു നിത്യചൈതന്യയതി അഭിപ്രായപ്പെടുന്നു. ''ഓര്‍മ ഉള്ളില്‍നിന്നും ഉണരുന്നത് ഇരുളില്‍നിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. മുറിവില്ലാത്തതാണ് ബോധം... മുറിവില്ലാത്ത അദിതിയില്‍നിന്നും പ്രകാശരൂപത്തില്‍ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സര്‍വാധിപത്യം.''
അടുത്തതായി നമ്മുടെ താരാപഥത്തിലേക്കും സൗരമണ്ഡലത്തിലേക്കും വരുന്നു. വളരെ രശ്മികളോടുകൂടിയ (അംശുമാനായ) സൂര്യന്‍ അടുത്ത വിഭൂതി. ചന്ദ്രന്മാരോടുകൂടെ ഗ്രഹങ്ങളെയും ധൂമകേതുക്കള്‍ മുതല്‍ ഉല്‍ക്കകള്‍ വരെ ഉള്ളവയെയും അവയുടെ പ്രദക്ഷിണവഴികളില്‍ നിലനിര്‍ത്തുന്ന രവി ലോകത്തെ മുഴുക്കെ പ്രകാശിപ്പിക്കയും ചെയ്യുന്നു. ജീവന്റെ ഉല്പത്തിക്കും നിലനില്പിനും ആധാരം സൂര്യപ്രകാശംതന്നെ. ആരാണ്, എങ്ങനെയാണ് സൂര്യനില്‍ പ്രകാശമായിരിക്കുന്നതെന്ന് ചിന്തിച്ചാലും പരമാത്മസ്വരൂപത്തെ അറിയാം.മരുത്ത് എന്നാല്‍ വായു. (മരിപ്പിക്കുന്നത് എന്നാണ് വാക്കിന് അര്‍ഥം.) 'കാറ്റു പോയി' എന്നാല്‍ മരിച്ചെന്നാണല്ലോ. വാസ്തവത്തില്‍ ശ്വാസോച്ഛ്വാസം നിലയ്ക്കുന്നത് മരണലക്ഷണം മാത്രമാണ്. പ്രകൃതിയുടെ പരിണതിയില്‍ ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രത്തിന് ശരീരത്തെ തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയാതാകുന്നതാണ് യഥാര്‍ഥത്തില്‍ മരണകാരണം. എന്താണ് ഈ പരിണതി? പ്രപഞ്ചത്തിന്റെ സ്പന്ദനം (മഹാവിസേ്ഫാടനം കഴിഞ്ഞുള്ള വികാസവും മറ്റും) അക്ഷരമാധ്യമത്തിലെ 'സാന്ദ്രത' എന്നു പറയാവുന്ന ഗുണത്തിന് സ്വാഭാവികമായും മാറ്റം വരുത്തിക്കൊണ്ടേ ഇരിക്കുന്നു. ഈ വ്യതിയാനം (കാറ്റുപോലെ) സദാ വീശിക്കൊണ്ടുമിരിക്കുന്നു. സങ്കോചാവസ്ഥയില്‍ ഒരു ദിശയിലാണെങ്കില്‍ വികാസത്തില്‍ എതിര്‍ദിശയില്‍. പ്ലുട്ടോണിയത്തിന്റെ അര്‍ധായുസ്സ് അയ്യായിരം കൊല്ലം എന്ന അനിവാര്യതയായി ഇരിക്കുന്നത് ഈ കാറ്റിന്റെ വേഗത്തെ അടിസ്ഥാനമാക്കിയാണ്. എന്തിനുമേതിനുമുണ്ടല്ലോ ഇത്തരമൊരു അര്‍ധായുസ്സ്. ശരീരകോശങ്ങള്‍ക്കുമുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് അറിയാനുള്ള മൂന്നാമത്തെ ഉപാധിയായി ഈ മഹാമാരുതനെ ധ്യാനിക്കാം.
ഗമനശീലമുള്ളത്, ഹിംസാശീലമില്ലാത്തത്, തന്നെ സേവിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്നത് എന്നെല്ലാമാണ് നക്ഷത്രപദത്തിന് അര്‍ഥം. രാത്രിയില്‍ ആകാശത്ത് പ്രകാശിക്കുന്ന ദീപങ്ങളില്‍ കൂടുതല്‍ ശോഭയുള്ളത് ചന്ദ്രനാണല്ലോ. രാത്രിയില്‍ വെളിച്ചം നല്‍കുന്ന എല്ലാ ദീപങ്ങളെയുമാണ് ഇവിടെ നക്ഷത്രപദം സൂചിപ്പിക്കുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. ഏതായാലും ഭൂനിവാസികള്‍ക്ക് സൂര്യന്‍ കഴിഞ്ഞാല്‍ ചന്ദ്രന്‍തന്നെ അടുത്ത അത്ഭുതവിഭൂതി. സൂര്യനില്‍നിന്ന് ഏറ്റുവാങ്ങിയ പ്രകാശം ശീതളമായി നല്‍കുന്ന ഈ നിശാസുഹൃത്ത് തീര്‍ച്ചയായും പ്രപഞ്ചസൃഷ്ടിയിലെ പരിചിന്ത്യമായ ഒരു നിര്‍മിതിയാണ്.
നക്ഷത്രപദത്തിന് പറഞ്ഞ അര്‍ഥങ്ങളെല്ലാം മനസ്സിനും ചേരും. അതിനാല്‍, മനസ്സിനെയാണ് ഉദ്ദേശിക്കുന്നത് എന്നൊരു പക്ഷമുണ്ട്. ആദിത്യന്‍ ശുദ്ധബോധം, സൂര്യന്‍ ബുദ്ധി. അടുത്തതായി വരേണ്ടത് ചന്ദ്രന്‍ എന്ന മനസ്സാണല്ലോ.
ഇനി സാധാരണജീവിതത്തിലെ വിഭൂതികളിലേക്കു വരുന്നു. താരതമ്യങ്ങളാണ് ഇവയും. കൂട്ടത്തില്‍ ഒന്ന് എങ്ങനെ മെച്ചപ്പെട്ടിരിക്കുന്നു, ആ മെച്ചം എങ്ങനെ ഉണ്ടായി എന്ന് ധ്യാനിച്ചാല്‍ ശരിയായ അറിവില്‍ എത്താം.
(തുടരും)