githadharsanam

ഗീതാദര്‍ശനം - 322

Posted on: 04 Sep 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം



അഹമാത്മാ ഗുഡാകേശ
സര്‍വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മദ്ധ്യം ച
ഭൂതാനാമന്ത ഏവ ച

ഹേ ഗുഡാകേശാ, സര്‍വചരാചരങ്ങളുടെയും പൊരുളായി സ്ഥിതി ചെയ്യുന്ന ആത്മാവ് ഞാനാകുന്നു. എല്ലാ ചരാചരങ്ങളുടെയും തുടക്കവും നിലനില്പും ഒടുക്കവും ഞാന്‍തന്നെ. ഗുഡാകേശന്‍ എന്നാല്‍ നിദ്രയുടെ ഈശന്‍. (ഘനകേശന്‍ എന്നും അര്‍ഥമുണ്ട്.) നിദ്രയെ ജയിച്ചവന്‍ എന്ന് മനസ്സിലാക്കണം. അര്‍ജുനന്‍ ഉറങ്ങാറില്ലെന്നാണോ സാരം? അല്ല, നിദ്രാതുല്യമായ മോഹാവസ്ഥയെ മറികടന്നിരിക്കുന്നു എന്നു മാത്രം. മോഹം, മഹാമോഹം, തമസ്സ്, താമിശ്രം, അന്ധതാമിശ്രം എന്നിങ്ങനെയുള്ള അവിദ്യകള്‍ സത്യാന്വേഷണത്തിന് വിഘാതങ്ങളാണ്.

ജീവന്‍ ഉള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്നു കരുതാമെങ്കിലും അചേതനങ്ങളെന്നറിയപ്പെടുന്നവയില്‍ പരമാത്മാവ് പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം, നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിന് ആധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവന്‍ ഇല്ലാത്തതായി എന്തെങ്കിലുമൊന്ന് പ്രപഞ്ചത്തില്‍ ഇല്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങളില്‍ ജീവന്‍ ഇല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെ ഉണ്ടാകാന്‍? ഓരോ ഊര്‍ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ഒരു 'ബുദ്ധി' ഉള്ളപോലെയാണ്. ഏറ്റവും ചെറിയ പദാര്‍ഥകണികയിലും സ്‌പെയ്‌സിലെ ഓരോ ബിന്ദുവിലും ജീവന്‍ ഉണ്ട്. ആ ജീവന്‍ ആ ക്ഷേത്രത്തെ ഉപേക്ഷിക്കുന്നതോടെ ആ ഉരുവം ഇല്ലാതാകുന്നു. അഥവാ, ആ ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രമാണ് ആ ഉരുവത്തെ രൂപപ്പെടുത്തുന്നതും (അതിന്റെ ആദിയും) നിലനിര്‍ത്തുന്നതും (മദ്ധ്യവും) ഇല്ലാതാക്കുന്നതും (അന്തവും).

എല്ലാ ചരാചരങ്ങളുടെയും ശരീരം പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയുടെ ഉല്പന്നവും എല്ലാറ്റിലും ആശയസ്വരൂപമായി ഇരിക്കുന്നത് പരംപൊരുളാണ്. ശ്രീരാമാനുജന്‍ ഈശ്വരനെ വിശ്വത്തിന്റെ ആത്മാവായും ജഗത്തിനെ ഭഗവാന്റെ ശരീരമായും കാണുന്നു. പരമാത്മസ്വരൂപത്തെ അറിയാനായി ധ്യാനിക്കാവുന്ന വിഭൂതികളെ ഇനി എണ്ണിപ്പറയുന്നിടത്ത് ഇങ്ങനെയുള്ള സങ്കല്പത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നുണ്ട്.

(തുടരും)



MathrubhumiMatrimonial