
നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ കവര്‍ച്ച: മൂന്നാമനും പിടിയിലായി
Posted on: 11 Mar 2015
നിലമ്പൂര്‍: ഫിബ്രവരി ഒന്നിന് നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍നിന്ന് 15,000 രൂപ മോഷ്ടിക്കുകയും ഓഫീസുകളുടെ വാതിലുകള്‍ തകര്‍ക്കുകയും ചെയ്ത സംഘത്തിലെ മൂന്നാമനേയും പോലീസ് പിടികൂടി. കാഞ്ഞങ്ങാട് സൗത്തിലെ മൂവരിക്കുണ്ട് കണ്ടത്തില്‍ വീട്ടില്‍ സനലിനെ(കണ്ടത്തി സനല്‍26)യാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘാംഗങ്ങള്‍ പിടികൂടിയത്. ഈ കേസില്‍ ഗൂഡല്ലൂര്‍ പാടംതുറ സ്വദേശി ഷാഫി(26), തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി മാങ്കുഴിക്കുന്നുംപുറത്ത് ഷാന്‍ ഷമീര്‍(25) എന്നിവരെ നേരത്തെ നിലമ്പൂര്‍ പോലീസ് പിടികൂടിയിരുന്നു. പ്രത്യേക അന്വേഷണസംഘം ഷമീറിനെ പിടികൂടിയ അതേദിവസം തന്നെ സനല്‍ കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് വാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും ടി.വി.യും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും മോഷ്ടിച്ചിരുന്നു. പോകുംവഴി തൊണ്ടി സഹിതം ആളൂര്‍ പോലീസ് പിടിച്ചെങ്കിലും സ്റ്റേഷനില്‍നിന്ന് സൂത്രത്തില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മംഗലാപുരത്ത് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. ഇടയ്ക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ മോഷണംനടത്തി മംഗലാപുരത്തേക്ക് തന്നെ തിരിച്ചുപോകുകയും ചെയ്തിരുന്നു.
പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സി.ഐ. കെ.അബ്ദുള്‍ ബഷീര്‍, എസ്.ഐ.ബാബുരാജ്, എസ്.ഐ.എസ്.ടി.അംഗം എം.അസൈനാര്‍, എ.എസ്.ഐ.മോഹനന്‍, സി.പി.ഒ.മാരായ സുകേഷ്, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.





