githadharsanam

ഗീതാദര്‍ശനം - 321

Posted on: 02 Sep 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം



ശ്രീഭഗവാനുവാചഃ-
ഹന്ത തേ കഥയിഷ്യാമി
ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ
നാസ്ത്യന്തോവിസ്തരസ്യ മേ
ശ്രീഭഗവാന്‍ പറഞ്ഞു:

ആശ്ചര്യമായിരിക്കുന്നു! ഹേ കുരുശ്രേഷ്ഠാ, ദിവ്യങ്ങളായ ആത്മവിഭൂതികളില്‍ പ്രധാനങ്ങളായവയെ ഞാന്‍ നിനക്ക് പറഞ്ഞുതരാം. എന്തുകൊണ്ടെന്നാല്‍ എന്റെ വിഭൂതികള്‍ എണ്ണിയെണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ഒരവസാനവും ഇല്ല.

എന്താണ് ആശ്ചര്യമായിരിക്കുന്നത്? പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളെപ്പറ്റിയും അറിയണം എന്നാണ് അര്‍ജുനന്‍ ആവശ്യപ്പെടുന്നത്. പറഞ്ഞുതുടങ്ങിയാല്‍ അതിനുണ്ടോ അവസാനം! കേട്ടാലും ഓര്‍ക്കാന്‍ മനുഷ്യരിലാര്‍ക്കെങ്കിലുമുണ്ടോ കഴിവ്? ആകാത്ത കാര്യം അര്‍ജുനനെപ്പോലെയുള്ള ഒരാള്‍ ആവശ്യപ്പെടുന്നതുതന്നെ ആശ്ചര്യകാരണം. പക്ഷേ, പരമാത്മസ്വരൂപത്തെ അറിയാനുള്ള അടങ്ങാത്ത ആശകൊണ്ടും തികഞ്ഞ പ്രേമത്തോടെയുമാണ് അര്‍ജുനന്‍ ചോദിക്കുന്നതെന്നതിനാല്‍ നിരാശപ്പെടുത്താനും വയ്യ.

ആശ്ചര്യത്തിന് രണ്ടാമതൊരു കാരണവുമുണ്ട്. ''പറഞ്ഞുകൊണ്ടേ ഇരിക്കൂ, കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല'' എന്നാണ് അര്‍ജുനന്റെ അപേക്ഷ. ആര്‍ക്കാവും ജീവിതാവസാനംവരെ പറഞ്ഞുകൊണ്ടേ ഇരിക്കാന്‍? അതിനായുള്ള അപേക്ഷ ആശ്ചര്യകരംതന്നെ. പ്രത്യേകിച്ചും ജീവിതമഹാരണം മുന്നില്‍ കാത്തുകിടക്കുമ്പോള്‍!

മൂന്നാമതുമുണ്ട് ഒരു കാരണം. വാക്കുകള്‍ക്കതീതമാണ് പരമാത്മചൈതന്യവും അതിന്റെ ഭാവാന്തരമായ പ്രകൃതിയുടെ വൈരുധ്യാത്മകമായ യോഗമായയും. അനുഭവൈകവേദ്യമായ അതിനെപ്പറ്റി വിസ്തരിച്ചു പറയാനാണ് അര്‍ജുനന്‍ അഭ്യര്‍ഥിക്കുന്നത്. ഇത്, വാക്കുകള്‍കൊണ്ട് നിര്‍വചിക്കാനാകാത്തതിന് അസ്തിത്വമില്ല എന്ന സയന്‍സിന്റെ നിലപാടുതന്നെ. ജ്ഞാനാന്വേഷികള്‍ക്ക് സര്‍വസാധാരണമായി പറ്റുന്ന ഒരു പ്രമാദം 'കുരുശ്രേഷ്ഠ'നായ അര്‍ജുനനും പറ്റിയിരിക്കുന്നല്ലോ എന്ന ആശ്ചര്യത്തോടെ 'കഷ്ടമേ കഷ്ടം!' എന്നു പറയാതിരിക്കുന്നതെങ്ങനെ?

പരമാത്മാവ് ഒരു വസ്തുവാണെങ്കിലല്ലേ അതിന് അനന്തം, അസംഖ്യം എന്നൊക്കെ പറയാവുന്ന വിഭൂതികള്‍ ഉണ്ടാകൂ എന്ന സംശയം സയന്‍സിന്റെ ഭാഷയിലെ അളവിന്റെ വ്യാപ്തം (quantitative extension)എന്ന ആശയവുമായി പരിചയിച്ചുപോരുന്നവര്‍ക്കുണ്ടാകാം. വിഭൂതികളില്‍ പ്രധാനപ്പെട്ടവ ശക്തി, തേജസ്സ്, പൗരുഷം, വിദ്യ, മഹത്ത്വം തുടങ്ങിയ ഗുണാതിശയങ്ങളാണെന്ന് ശങ്കരാനന്ദസ്വാമി ചൂണ്ടിക്കാണിക്കുന്നു. ഇവയൊന്നും സംഖ്യാപരമല്ല. അളന്നും തൂക്കിയും കണക്കാക്കാന്‍ (quantity) കഴിയാത്തതൊന്നും സയന്റിഫിക്കല്ല എന്ന് സയന്‍സ് ശഠിക്കുന്നു. സയന്‍സിന്റെ ഏറ്റവും വലിയ പരിമിതിയും അതേസമയം ശക്തിയും ഈ ശാഠ്യമാണ്. പക്ഷേ, ഈ സമീപനം ഉപയോഗിച്ച് പരമാത്മാവിനെ വര്‍ണിക്കുന്നത് ; ഒരു ചിത്രം കണ്ടിട്ട് അതിനെ ആസ്​പദിച്ച് വാരാണസിപ്പട്ടണത്തെ ഒരാള്‍ വിസ്തരിക്കാന്‍ ശ്രമിക്കുന്നപോലെ ആയിപ്പോകുമെന്ന് ശ്രീരാമകൃഷ്ണപരമഹംസര്‍ ചിരിക്കുന്നു.


(തുടരും)



MathrubhumiMatrimonial