
തിരക്കുള്ള ബസ്സുകളില്‍ സഞ്ചരിച്ച് പേഴ്‌സ് മോഷ്ടിക്കുന്ന രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍
Posted on: 05 Mar 2015
കൊച്ചി: തിരക്കുള്ള ബസ്സില്‍ സഞ്ചരിച്ച് സ്ത്രീകളുടെ പേഴ്‌സ് മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ റെയില്‍വെ സ്റ്റേഷന് സമീപം കുടിലില്‍ താമസിക്കുന്ന രാമസ്വാമിയുടെ ഭാര്യ പ്രിയ (32), രണ്ടാം ഭാര്യ രാജേശ്വരി (26) എന്നിവരാണ് പിടിയിലായത്. എറണാകുളം ടൗണില്‍ െവച്ച് അസാധാരണമായി പല പേഴ്‌സുകള്‍ തുറക്കുന്നതും പൈസ കൈകാര്യം ചെയ്യുന്നതും സംശയകരമായ സാഹചര്യത്തില്‍ പോലീസ് കണ്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് കാക്കനാട് പടമുഗള്‍ ഭാഗത്തുള്ള അയിഷ എന്ന സ്ത്രീ തന്റെ മകന് ഭക്ഷണം കൊടുക്കാന്‍ ലൂര്‍ദ് ആസ്പത്രിയിലേക്ക് പോകുന്ന വഴി പേഴ്‌സ് നഷ്ടപ്പെട്ടിരുന്നു. കച്ചേരിപ്പടി ബസ് സ്റ്റോപ്പില്‍ നിന്ന് ചിറ്റൂര്‍ റോഡിലൂടെയുള്ള പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ക്ക് പേഴ്‌സും 5000 രൂപയും നഷ്ടപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അയിഷ സഞ്ചരിച്ചിരുന്ന ബസ്സിലെ തമിഴ് സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് സംശയം പറയുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സിറ്റിയുടെ പല ഭാഗത്തും അന്വേഷണം നടത്തുകയും ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും മറ്റും ഇവരെ പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണം നടത്തിയ പേഴ്‌സുകള്‍ കണ്ടെടുക്കുകയും ചെയ്തു. പരാതിക്കാരി സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളുടെ പക്കല്‍ നിന്ന് ലഭിച്ച മറ്റൊരു പേഴ്‌സ് ചേര്‍ത്തല സ്വദേശിയായ സ്ത്രീയുടേതാണ്. കലൂര്‍ ഭാഗത്ത് െവച്ചാണ് ഈ പേഴ്‌സ് മോഷണം ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എറണാകുളം നോര്‍ത്ത് ടൗണ്‍ എസ്.എച്ച്.ഒ. പി.ആര്‍. സനു, അഡീഷണല്‍ എസ്.ഐ. അബ്ദുള്‍ റഹീം, സി.പി.ഒ. ലാലു ജോസഫ്, സി.പി.ഒ. ബിജി, സുനിത, പ്രിയ ഷര്‍മിള എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





