
ബ്ലൂക്ക്മാന്‍ കഥ പരത്തിയവര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി
Posted on: 04 Mar 2015
മഞ്ചേരി/അരീക്കോട്: കാവനൂര്‍ ഇരിവേറ്റിയില്‍ ബ്ലൂക്ക്മാനുണ്ടെന്ന ഭീതിപരത്തിയവര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി.
ഇല്ലാത്ത ബ്ലൂക്ക്മാന്റെപേരില്‍ കഥകളിറക്കുകയും അത് സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് അന്വേഷണം. ബ്ലൂക്ക്മാനെ കണ്ടെന്ന് വാട്ട്‌സ് ആപ് വഴി സാക്ഷ്യപ്പെടുത്തുന്ന യുവാവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ആളുകളില്‍ ഭീതിപരത്തുവാനുള്ള ആസൂത്രിതനീക്കം നടന്നതിന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇരിവേറ്റിപരിസരത്ത് ഇതിനുമുമ്പ് രണ്ടുമോഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ പ്രതിയെ അറസ്റ്റുചെയ്തിരുന്നതായും പോലീസ് പറയുന്നു. അടുത്തദിവസങ്ങളില്‍ മോഷണശ്രമങ്ങളുണ്ടായതായി പരാതിയുമുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം ബ്ലൂക്ക്മാനെന്നപേരില്‍ രണ്ടുബംഗാളി സ്വര്‍ണപ്പണിക്കാരെ ആളുകള്‍ ൈകയേറ്റംചെയ്തിരുന്നു. ഇവരെ മര്‍ദിച്ചതു തടയാന്‍ശ്രമിച്ച പോലീസിനുനേര്‍ക്കും ൈകയേറ്റമുണ്ടായി. വാഹനത്തിനും നാശനഷ്ടമുണ്ടാക്കി. സി.ഐ സണ്ണിചാക്കോയ്ക്ക് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്ലൂക്ക്മാനെ കാണാന്‍ ആയിരത്തോളം ആളുകളാണെത്തിയത്. സോഷ്യല്‍മീഡിയവഴി പ്രചാരണം നടത്തിയതിനാല്‍ ദൂരെ നാട്ടില്‍നിന്നുപോലും ആളുകളെത്തി. ഭീതിപരത്തിയെന്നു സംശയിക്കുന്ന യുവാവ് സംഭവം നടക്കുമ്പോള്‍ മുന്‍നിരയിലുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചു. പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന അമ്പതോളംപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മണല്‍മാഫിയയും ആക്രമണത്തിനുപിന്നിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.





