Crime News

ടി.പി. വധം : പിടികിട്ടാപ്പുള്ളി കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റില്‍

Posted on: 04 Mar 2015


കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയസംഘത്തിന് സഹായം നല്‍കി ഒളിവില്‍പ്പോയ പ്രതി വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. കേസിലെ 24-ാം പ്രതി, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വടകര കുന്നുമ്മക്കര താഴെതാമ്പറത്ത് വീട്ടില്‍ ടി.എം. രാഹുലാണ് (32) കോഴിക്കോട് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച അറസ്റ്റിലായത്.

ക്രൈംബ്രാഞ്ച് നേരത്തേ പുറപ്പെടുവിച്ചിരുന്ന ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഖത്തറില്‍ നിന്നെത്തിയ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് സംഘം വിമാനത്താവളത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തി വടകര മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. വടകര ഒന്നാം ക്ലൂസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എം. ഷുഹൈബ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ടി.പി. വധക്കേസില്‍ അറസ്റ്റിലാകുന്ന അവസാനത്തെ പ്രതിയാണ് രാഹുല്‍. കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യം നടത്താനുള്ള ആയുധങ്ങള്‍ ശേഖരിച്ചു നല്‍കി, അവ സൂക്ഷിച്ചു, പിന്നീട് പ്രതികളെ ഒളിവില്‍ തങ്ങാന്‍ സഹായിച്ചു എന്നിവയാണ് രാഹുലിനെതിരെയുള്ള കുറ്റങ്ങള്‍.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയത്. ടി.പി.കേസില്‍ ആദ്യ അറസ്റ്റ് വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് 2012 മെയ് അവസാനത്തോടെ തന്നെ രാഹുല്‍ ഒളിവില്‍ പോയിരുന്നു. ഖത്തറിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഒളിവിലായിരുന്ന 52-ാം പ്രതി മുഹമ്മദ് സഹീറിനെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

 

 




MathrubhumiMatrimonial