Crime News

ഇരിട്ടിയില്‍ നാടോടികളെ ആക്രമിച്ച സംഭവം: പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല

Posted on: 04 Mar 2015


ഇരിട്ടി: മീന്‍പിടിത്തത്തിന് കര്‍ണാടകത്തില്‍നിന്നുവന്ന നാടോടികള്‍ക്കുനേരെ ഇരിട്ടിയിലുണ്ടായ അക്രമത്തില്‍ ആര്‍ക്കുമെതിരെയും പോലീസ് കേസെടുത്തില്ല.
അടിച്ചവരും അടികൊണ്ടുവരുംചേര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍ന്നുവെന്നും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നുമാണ് ഇരിട്ടി പോലീസ് പറയുന്നത്. അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാടോടിസംഘത്തിലെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പയഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം റവന്യൂഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കുനേരെയാണ് അക്രമം നടന്നത്. മദ്യപരായ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പറയുന്നത്.
നാടോടിസ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കാന്‍ എത്തിയവരാണ് മര്‍ദനത്തിന് പിന്നിലെന്ന് പറയുന്നു.
രാത്രി നടന്ന അക്രമമായതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ നാടോടിസംഘത്തിന് കഴിഞ്ഞിട്ടില്ല. കൂടാതെ അക്രമിസംഘത്തില്‍പ്പെട്ട ചിലരുടെ ഭീഷണിയും നാടോടിസംഘങ്ങളെ പരാതി നല്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായി പറയപ്പെടുന്നു.
പയഞ്ചേരി ജങ്ഷന്‍ കേന്ദ്രീകരിച്ച് സമൂഹവിരുദ്ധരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. കഞ്ചാവും വ്യാജമദ്യവും വില്ക്കുന്നവരും പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമികളെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല.

 

 




MathrubhumiMatrimonial