
അടിമാലി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: യുവാവിനെ പോലീസിലേല്‍പ്പിച്ചു
Posted on: 04 Mar 2015
അടിമാലി: ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പെരുമ്പാവൂര്‍ ഓടക്കാലി മലയില്‍ ലതീഷ് (25) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചെറുപൊതികളായി വില്‍പ്പന നടത്തുന്നതിന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ അടിമാലി ലൈബ്രറി റോഡിലാണ് സംഭവം. പരിചിതനല്ലാത്ത ഇയാള്‍ ഏതാനും ദിവസങ്ങളായി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിച്ചിരുന്നു. പോലീസ് എത്താന്‍ വൈകിയതോടെ ഇയാളെ വിട്ടയച്ചു. പിന്നീടും ഇത്തരം സാഹചര്യത്തില്‍ ഇയാളെ കണ്ടതോടെ ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ. ഇ.കെ.സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കോതമംഗലം പ്രദേശത്തുള്ള ആള്‍ നല്‍കിയതാണ് കഞ്ചാവെന്ന് പോലീസില്‍ ഇയാള്‍ മൊഴി നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകളുടെ വില്‍പ്പന തകൃതിയായി നടക്കുന്നതായും പോലീസ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.





