Crime News

നിയമാനുസൃത ദേഹപരിശോധന നടത്തിയില്ല; കഞ്ചാവ് കേസ് പ്രതിയെ വെറുതെ വിട്ടു

Posted on: 04 Mar 2015


തൊടുപുഴ: നിയമാനുസൃത ദേഹപരിശോധന നടത്താതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കിയ ആളെ കോടതി വെറുതെ വിട്ടു. തിരുവല്ല നെടുമ്പ്രം അഭിജിത് ഭവനില്‍ അനില്‍കുമാറിനെ(38) യാണ് തൊടുപുഴ നര്‍കോട്ടിക് സ്‌പെഷല്‍ കോടതി ജഡ്ജി പി.കെ.അരവിന്ദ് ബാബു വിട്ടയച്ചത്. പ്രതിയുടെ ദേഹപരിശോധന നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
2012 ഡിസംബര്‍ 11ന് നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നിക്കിന് മുന്നില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അനില്‍കുമാറിനെ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സീറ്റിനടിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തു എന്നായിരുന്നു ആരോപണം. ഗസറ്റഡ് ഓഫീസറുടെയോ മജിസ്‌ട്രേറ്റിന്റെയോ സാന്നിധ്യത്തില്‍ ദേഹപരിശോധന നടത്താത്ത നടപടി നിയമവിരുദ്ധമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി വിധി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.ബി.വാഹിദ, കെ.പി.അനു എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial