Crime News

ചെറിയമ്മയെ കൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷ നാളെ

Posted on: 04 Mar 2015


തൊടുപുഴ: വിവാഹം നിശ്ചയിച്ച യുവതിയെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പ്രതികാരമായി ചെറിയമ്മയെ വെട്ടിക്കൊലപ്പെടുത്തി കാല് മുറിച്ചുമാറ്റിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കുമാരമംഗലം ഈസ്റ്റ് കലൂര്‍ പാറേപ്പുത്തന്‍പുരയില്‍ വക്കന്‍ എന്ന ജോര്‍ജിന്റെ ഭാര്യ ലിസിയാണ് (48) 2011 മാര്‍ച്ച് 17ന് കൊല്ലപ്പെട്ടത്. ജോര്‍ജിന്റെ സഹോദരന്റെ മകന്‍ ജീവനാണ് പ്രതി. ലിസി വീടിന് സമീപത്തുനിന്ന് അയല്‍വാസികളുമായി സംസാരിച്ചുകൊണ്ടിരിക്കെ പ്രതി വാക്കത്തിയുമായി എത്തി കഴുത്തിനുവെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇടത് കാല്‍ മുറിച്ചെടുത്ത് സമീപത്തെ വീട്ടുമുറ്റത്തിട്ടശേഷം ജീവന്‍ രക്ഷപ്പെട്ടു. ഉച്ചയോടെ നാട്ടുകാരാണ് പട്ടയംകവല ഭാഗത്തുവച്ച് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ ഇടയ്ക്ക് ജീവന്‍ സംസാരിക്കാന്‍ പോകുമായിരുന്നു. എന്നാല്‍, ഇവരുടെ വിവാഹം ഉറപ്പിച്ചതോടെ ജീവനോട് വീട്ടില്‍ വരരുതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരം ലിസി മുഖേന ജീവന്റെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രതിക്ക് ലിസിയോട് പകയുണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരായി .

 

 




MathrubhumiMatrimonial