
കുരുമുളകുമോഷണം : രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 04 Mar 2015
നെടുങ്കണ്ടം: ടെറസിനുമുകളില്‍ ഉണക്കാനിട്ടിരുന്ന കുരുമുളകുമോഷ്ടിച്ച് വില്‍പ്പനനടത്തിയ രണ്ടുപേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. ഏലപ്പാറ പശുപ്പാറ കാലാപ്പറമ്പില്‍ അന്‍സാര്‍ സലാം(24), നെടുങ്കണ്ടം അമ്പലപ്പാറ തണ്ണിക്കല്‍ സലാം മുഹമ്മദ്(55) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം രണ്ടാം തിയ്യതി കല്ലാര്‍ കെ.എസ്.ഇ. ബോര്‍ഡ് പൂകമല നൗഷാദിന്റെ വീടിന്റെ ടെറസില്‍ ഉണക്കാനിട്ടിരുന്ന 25 കിലോ കുരുമുളകാണ് മോഷണംപോയത്. നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാഡ്രൈവറായ സലാമിനെ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം തെളിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍സാറിനെയും അറസ്റ്റു ചെയ്യുകയായിരുന്നു. കുരുമുളക് മോഷ്ടിച്ചശേഷം കട്ടപ്പന ഉള്‍പ്പെടെ വിവിധസ്ഥലങ്ങളില്‍ വില്‍പ്പനനടത്താന്‍ ശ്രമിച്ചെങ്കിലും ഉണക്കു കുറഞ്ഞതായതുകൊണ്ട് വ്യാപാരികള്‍ വാങ്ങിയിരുന്നില്ല. പിന്നീട് നെടുങ്കണ്ടം ചക്കക്കാനത്തുള്ള കടയില്‍ ഭാര്യ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ആണെന്നുപറഞ്ഞ് കുരുമുളക് വില്‍പ്പനനടത്തുകയായിരുന്നു. ഇവിടെനിന്നു ലഭിച്ച 13,000 രൂപ ഇരുവരും വീതിച്ചെടുത്തു. കടയില്‍നിന്ന് കുരുമുളക് പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. അന്‍സാറും സലാമും ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് മോഷണം നടത്തിവന്നിരുന്നതായി പോലീസ് പറഞ്ഞു.





