Crime News

മഹാദേവന്റെ കൊലപാതകം : അസ്ഥികള്‍ പരിശോധനയ്ക്കയച്ചിട്ട് ഒരുവര്‍ഷം

Posted on: 04 Mar 2015




ഫൊറന്‍സിക്ക് പരിശോധനാ ഫലം വൈകുന്നു


48

ചങ്ങനാശേരി:
മതുമൂല തുണ്ടിയില്‍ ഉദയാസ്റ്റോഴ്‌സില്‍ മഹാദേവന്‍ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം. കൊലപാതകം തെളിഞ്ഞിട്ട് ഒരുവര്‍ഷം. കുറിച്ചിയിലുള്ള കുളത്തില്‍നിന്ന് മഹാദേവന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി പരിശോധനക്കായി തിരുവനന്തപുരം ഫൊറന്‍സിക്ക് ലാബിലെത്തിച്ചിട്ടും ഒരുവര്‍ഷം പിന്നിടുന്നു. പരിശോധനാഫലം വൈകുന്നത് കേസന്വേഷണത്തിന്റെ പുരോഗതിക്ക് വിഘാതമാകുന്നു.
1995 സപ്തംബര്‍ എട്ടിന് ചതയദിനത്തിലാണ് മതുമൂലയിലെ വീട്ടില്‍നിന്ന് 13 വയസ്സുകാരനായ മഹാദേവനെ കാണാതായത്. ലോക്കല്‍ പോലീസ് എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ച് നീണ്ട 19 വര്‍ഷം അന്വേഷിച്ചു. എസ്.പി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാദേവന്റെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തിയത്. 2014 ഫിബ്രവരി 27നാണ് നാടിനെ ഞെട്ടിച്ച വിവരം പുറത്തുവന്നത്.
കൊലപാതകത്തിനു ശേഷം മുങ്ങിക്കഴിഞ്ഞിരുന്ന വാഴപ്പള്ളി ഇളയമുറി ഹരികുമാറിനെ (ഉണ്ണി-43) ക്രൈംബ്രാഞ്ച് സംഘം നിരവധിതവണ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് മഹാദേവനെ കൊല ചെയ്തവിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മഹാദേവനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുറിച്ചിയിലുള്ള കുളത്തില്‍ തള്ളാന്‍ കൂട്ടുനിന്ന മോര്‍ക്കുളങ്ങര സ്വദേശി കോനാരി മോഹന്‍ദാസിനെ (സലിമോന്‍-42)യും ഹരികുമാര്‍ കൊലപ്പെടുത്തി ഇതേകുളത്തില്‍ തള്ളിയെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഹരികുമാറിന്റെ അളിയന്‍ കണ്ണന്‍ എന്നുവിളിക്കുന്ന പ്രമോദിന്റെ മറിയപ്പള്ളിയിലുള്ള വീടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കെട്ടിത്താഴ്ത്തിയതെന്നും ഹരികുമാര്‍ സമ്മതിച്ചിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ കൂട്ടുനിന്ന കണ്ണനും പിന്നീട് മരിച്ചിരുന്നു.
ഹരികുമാറിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറിയപ്പള്ളിയിലെ കുളത്തിലെ കൈതയും പായലും പോളയും പറിച്ചുമാറ്റി മോേട്ടാറുകള്‍വച്ച് വെള്ളം വറ്റിച്ച് ഒരാഴ്ച നീണ്ട പരിശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇരു മൃതദേഹങ്ങളുടെയും തലയോട്ടികളുടെയും അസ്ഥികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരത്തുള്ള ലാബിലയച്ചെങ്കിലും അസ്ഥികളുടെ ജീര്‍ണതയും മറ്റും പരിശോധനയെ ബാധിച്ചതായാണ് സൂചന.

 

 




MathrubhumiMatrimonial