
ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ തീപ്പിടിത്തം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Posted on: 04 Mar 2015
അടൂര്‍: ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ക്ഷേത്ര ശ്രീകോവില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വിജയകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തിലെത്തി അന്വേഷണം തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രംകത്തിയസമയത്ത് ചുമതലയിലുണ്ടായിരുന്ന ക്ഷേത്രംപൂജാരി, കഴകം, ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി, പെയ്ഡ് സെക്രട്ടറി എന്നിവരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ സപ്തംബര്‍ 20ന് വെളുപ്പിനെയാണ് ക്ഷേത്രശ്രീകോവില്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. ക്ഷേത്രത്തിനു സമീപത്തുതന്നെ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
ക്ഷേത്രഭരണസമിതിയുടെ നിരാഹാരം തുടരുന്നു
ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ നിരഹാരസമരം തുടരുമെന്ന് ഭരണസമിതി. കേസന്വേഷണത്തില്‍ പോലീസ് കാട്ടിയ അനാസ്ഥയ്‌ക്കെതിരെയാണ് കഴിഞ്ഞ മൂന്നുദിവസമായി ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തില്‍ നിരാഹാരം നടത്തുന്നത്.
പരിഹാരക്രിയകള്‍ ഇന്നു മുതല്‍
ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്രശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി പരിഹാര ക്രിയകളും ബാലാലയ പ്രതിഷ്ഠയും മാര്‍ച്ച് 4 മുതല്‍ 6 വരെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 4ന് രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഖനനാദി സപ്തശുദ്ധി വൈകീട്ട് ഭഗവതി സേവ, സുദര്‍ശന ഹോമം, 5ന് രാവിലെ തിലഹവനം, കാല്‍കഴുകിച്ചൂട്ട്, ഹോമൂല്യദാനം, വൈകീട്ട് ഭഗവതിസേവ, 6ന് രാവിലെ ഗണപതിഹോമം, സുകൃതഹോമം, ബാലാലയ പ്രതിഷ്ഠ, വിളിച്ച് ചൊല്ലി പ്രായശ്ചിത്തം, വൈകീട്ട് ഭഗവതിസേവ, സര്‍പ്പബലി.





