Crime News

കുളക്കടയിലെ വാഹനാപകടങ്ങള്‍

Posted on: 04 Mar 2015


സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ജനകീയ യോഗം വെള്ളിയാഴ്ച


പുത്തൂര്‍:
എം.സി.റോഡില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ ജനകീയ യോഗം ചേരും. കുളക്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് യോഗം.
ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അടിയന്തര നടപടികള്‍ വേണമെന്ന അഡ്വ. അയിഷാപോറ്റി എം.എല്‍.എ.യുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാവുന്നതാണ്. എം.സി.റോഡില്‍ കുളക്കട മുതല്‍ കലയപുരം വരെയുള്ള ഭാഗങ്ങളില്‍ 2013 മുതല്‍ 2015 ഫിബ്രവരിവരെ അപകടത്തില്‍ മരിച്ചത് 17 പേരാണ്. ഇഞ്ചക്കാട് ഭാഗത്തും ഇത്തരം അപകടകേന്ദ്രങ്ങളുണ്ട്. ദീര്‍ഘകാലമായി സുരക്ഷാ സംവിധാനമൊരുക്കണമെന്ന ജനങ്ങളുടെ മുറവിളിക്കുനേരേ മൗനം പാലിക്കുന്ന അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ജനരോഷവും ജനപ്രതിനിധികളുടെ പ്രതികരണവും ചൂണ്ടിക്കാട്ടി 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കുളക്കട ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് കുളക്കടയില്‍ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു.
കെ.എസ്.ടി.പി. അധികൃതര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ ഉടനെ ട്രാഫിക് ലൈറ്റ് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.എസ്.സുനില്‍ അറിയിച്ചു. ഇതിനിടെ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനുള്ള നീക്കവും സജീവമായിട്ടുണ്ട്.

 

 




MathrubhumiMatrimonial