
എട്ട് വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു
Posted on: 04 Mar 2015
നാഗര്‍കോവില്‍: ശുചീന്ദ്രത്തിനടുത്ത് വീട്ടിനുള്ളില്‍ കയറി എട്ടുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പുത്തന്‍തുറയില്‍ വിജയന്‍ (27) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പുത്തന്‍തുറയിലെ എല്‍സന്റെ മകളെയാണ് വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ചത്. തൊട്ടടുത്ത വീട്ടില്‍ നിന്ന് എല്‍സന്റെ ഭാര്യ മരിയറോസി മകളുടെ ശബ്ദംകേട്ട് ഓടിയെത്തുമ്പോഴാണ് വിജയന്‍ മകളെ കൊല്ലാന്‍ ശ്രമിയ്ക്കുന്നത് കണ്ടതായാണ് പോലീസ് പറയുന്നത്. വീട്ടില്‍ ആളില്ലാത്ത നേരത്ത് കവര്‍ച്ചയ്ക്ക് കയറിയതായും പെട്ടെന്ന് കുഞ്ഞ് എത്തിയപ്പോള്‍ രക്ഷപ്പെടുന്നതിന് കൊല്ലാന്‍ ശ്രമിച്ചതാണെന്നും പ്രതി മൊഴി നല്‍കി.
സ്ത്രീപീഡനം: ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്
നാഗര്‍കോവില്‍: കുളച്ചലിനടുത്ത് കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഭാര്യയെ പീഡിപ്പിക്കുകയും വേറൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കള്‍ ചന്തയ്ക്കടുത്ത് കണ്ഠന്‍വിള ആലുവിളയിലെ ചാര്‍ലസിന്റെ ഭാര്യ ജെമീലാമലര്‍ മധുര കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് കുളച്ചല്‍ പോലീസ് കേസെടുത്തത്. കരിങ്കല്ലിനടുത്ത് സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ചാര്‍ലസ്, അച്ഛന്‍ മിക്കേല്‍, അമ്മ നിര്‍മ്മല, ചാര്‍ലസിന്റെ മൂന്നാമത്തെ ഭാര്യ ഇന്ദിര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആദ്യ ഭാര്യ ബന്ധം വേര്‍പെടുത്തിയതിനു ശേഷം 2000ലാണ് ജമീലാ മലറിനെ ചാര്‍ലസ് രണ്ടാമത് നിയമപരമായി വിവാഹം കഴിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് മൂന്നാം വിവാഹം നടത്തിയത്.





