githadharsanam

ഗീതാദര്‍ശനം - 320

Posted on: 31 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


വിസ്തരേണാത്മനോ യോഗം
വിഭൂതിം ച ജനാര്‍ദന
ഭൂയഃ കഥയ തൃപ്തിര്‍ഹി
ശൃണ്വതോ നാസ്തി മേശമൃതം

അല്ലയോ ജനാര്‍ദനാ, അങ്ങയുടെ യോഗ (വൈഭവ) ത്തെയും സൃഷ്ടികളെയും പറ്റി ഇനിയും സവിസ്തരം പറഞ്ഞാലും. എന്തെന്നാല്‍, (അങ്ങയില്‍നിന്ന് ആ) അമൃതം ശ്രവിച്ച് എനിക്ക് മതിവരുന്നില്ല.

'ജനാര്‍ദന'ന് ദുര്‍വിചാരങ്ങളെ (അസുരന്മാരെ) ഉന്മൂലനം ചെയ്യുന്നവന്‍ എന്നും മോക്ഷത്തിനായി സകലരും പ്രാര്‍ഥിക്കുന്നവന്‍, അതിനാല്‍ സര്‍വവ്യാപി (ജനാന്‍ സര്‍വതഃ അര്‍ദതി) എന്നും അര്‍ഥം. അമൃതപദം മോക്ഷദായകം എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ അമൃതപാനം അത്യാനന്ദകരമായ ആസ്വാദനത്തെ കുറിക്കുന്നു. ഇത് പാല്‍ക്കടല്‍ കടഞ്ഞ കഥയിലെ അമൃതല്ല. (അത് കഴിച്ചിട്ടുപോലും ബ്രഹ്മാവിന്റെ ഒരു ദിവസംകഴിയുമ്മുമ്പ് പതിന്നാല് ഇന്ദ്രന്‍മാര്‍ ഉണ്ടായി മരിച്ചുപോയി.)

ചരാചരങ്ങളുടെ ജീവനും വിശ്വത്തിന്റെ അന്തര്യാമിയുമായ പരമേശ്വരനാണ് ജനാര്‍ദനന്‍. പ്രപഞ്ചം വേറെ, ബ്രഹ്മം വേറെ എന്നല്ല ഗീതയുടെ താത്പര്യം. പിന്നെയോ, ബ്രഹ്മം അടിസ്ഥാനമായ പരമാര്‍ഥം, പ്രപഞ്ചം അതിന്റെ ദര്‍ശനീയമായ ഭാവാന്തരം -ഇങ്ങനെ കരുതിയാലേ 'നീ അതാകുന്നു' എന്ന് ഗുരുവിനും തുടര്‍ന്ന് 'ഞാന്‍ ബ്രഹ്മമാകുന്നു' എന്ന് ശിഷ്യനും പറയാനാവൂ. വിഭൂതികള്‍ തന്നിലും താന്‍ വിഭൂതികളിലും താനും വിഭൂതികളും ഒന്നിച്ച് പരമാത്മാവിലും ഇരിക്കുന്നു എന്ന് സാധകന് ധ്യാനിക്കാനാവുകയുമുള്ളൂ.

അദമ്യമായ ജിജ്ഞാസ എന്ന ഗുണവും ഗുരു സാക്ഷാല്‍ പരംപൊരുളാണ് എന്ന അറിവിന്റെ തികവുംകൊണ്ട് ശിഷ്യത്വത്തിന്റെ ധന്യത തികഞ്ഞിരിക്കയാണ് അര്‍ജുനനില്‍. ഈ അറിവ് ഗുരുവിനോടുള്ള ആദരമായും പ്രേമമായും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. അര്‍ജുനന്റെ വാക്കുകളെ ജ്ഞാനേശ്വര്‍ മഹാരാജ് ഇങ്ങനെയാണ് പരാവര്‍ത്തനം ചെയ്യുന്നത് ''നിന്റെ ഈ വചോ/മൃതം ഒരിക്കലും അവസാനിക്കരുത്. സൂര്യപ്രകാശം മതിയായെന്ന് ആരെങ്കിലും പറയുമോ? ചന്ദ്രിക ആര്‍ക്കാണ് ചെടിച്ചുപോകുന്നത്? നിരന്തരമായി പ്രവഹിക്കുന്ന ഗംഗയിലുണ്ടോ അശുദ്ധി? ഈ ചുണ്ടുകളില്‍നിന്നു വരുന്ന നിന്റെ വാക്കുകൊണ്ടുതന്നെ ബ്രഹ്മദര്‍ശനം ഉണ്ടായിരിക്കുന്നു. അത് ഹരിചന്ദനത്തെപ്പോലെ നിത്യസൗരഭ്യം ഉള്ളതാണ്.''

(തുടരും)






MathrubhumiMatrimonial