
ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച സംഭവം: ഏഴ് സി.പി.എം. പ്രവര്‍ത്തകര്‍ കീഴടങ്ങി
Posted on: 03 Mar 2015
ചേര്‍ത്തല : വയലാര്‍ പഞ്ചായത്ത് 5-ാം വാര്‍ഡില്‍ പറാശ്ശേരി വേണുഗോപാലിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍, ലോക്കല്‍ കമ്മിറ്റിയംഗം അടക്കം ഏഴ് സി.പി.എം. പ്രവര്‍ത്തകര്‍ ചേര്‍ത്തല പോലീസില്‍ കീഴടങ്ങി. സി.പി.എം. വയലാര്‍ ലോക്കല്‍ കമ്മിറ്റിയംഗം, വയലാര്‍ കണ്ടത്തില്‍ കടവില്‍ ചിദംബരന്‍ (39) പാര്‍ട്ടി പ്രവര്‍ത്തകരായ അഞ്ചാം വാര്‍ഡില്‍ വടക്കേവെളി മുകേഷ് (21), തട്ടാംവെളി അശ്വിന്‍ (25), ആറാം വാര്‍ഡില്‍ കുന്നത്ത്ചിറ സുബാഷ് (32), തുരുത്തില്‍ അഖില്‍കൃഷ്ണ (വിഷ്ണു -25), ഏഴാം വാര്‍ഡില്‍ കൂന്തിരിശ്ശേരില്‍ അഖില്‍ ഷാജി (21), എല്ലുവെളി അജിത്ത് (22) എന്നിവരാണ് കീഴടങ്ങിയത്.
ഫിബ്രവരി രണ്ടിനായിരുന്നു വീടാക്രമണം. വേണുഗോപാലിന്റെ വീടാക്രമിച്ചതിന് പിന്നാലെ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും ആക്രമണം നടന്നിരുന്നു. കീഴടങ്ങിയ പ്രതികളില്‍ നാലുപേര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും ഇവര്‍ക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതായും ചേര്‍ത്തല എസ്.ഐ. ഇ.ഡി. ബിജു. പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.





