Crime News

പ്രതിയുടെ കല്ലേറില്‍ എ.എസ്.ഐ.യുടെ തല പൊട്ടി

Posted on: 03 Mar 2015





87
ചെങ്ങന്നൂര്‍: പിടികൂടാന്‍ ചെന്ന പോലീസ് സംഘത്തിനുനേരെ പ്രതി നടത്തിയ കല്ലേറില്‍ അഡീഷണല്‍ എസ്.ഐ.യുടെ തല പൊട്ടി. ചെങ്ങന്നൂര്‍ അഡീഷണല്‍ എസ്.ഐ. ഉപേശ(54)ന്റെ തലയാണ് പൊട്ടിയത്.
ചെങ്ങന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഉപേശന്റെ തലയ്ക്ക് നാല് കുത്തിക്കെട്ടുണ്ട്. കല്ലെറിഞ്ഞ പ്രതി അടൂര്‍ തൂവയൂര്‍ ശാന്തിഭവനത്തില്‍ രാജേഷി(26)നെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. തിങ്കളാഴ്ച വൈകീട്ട് 5.30 നാണ് സംഭവം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: മുളക്കുഴ പിരളശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന തന്റെ മുന്‍ ഭാര്യയെയും അമ്മയെയും രാജേഷ് സ്ഥിരമായി ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതേപ്പറ്റി ഇയാള്‍ക്കെതിരെ അഞ്ച് പരാതിയുണ്ട്. പിടികൂടാന്‍ പോലീസ് ചെല്ലുമ്പോഴൊക്കെ മുങ്ങുകയായിരുന്നു പതിവ്.
തിങ്കളാഴ്ച ഉച്ചയോടെ മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയ രാജേഷ്, യുവതിയെയും അമ്മയെയും അടിച്ചു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍നിന്ന് യുവതിയുടെ സഹോദരി ഓടിയെത്തി തടസ്സംപിടിച്ചു. ഇവര്‍ക്കും അടിയേറ്റു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ്.ഐ. വര്‍ഗ്ഗീസ്, അഡീഷണല്‍ എസ്.ഐ. ഉപേശന്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.രഞ്ജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസിനുനേരെ പ്രതി കല്ലെറിയുകയായിരുന്നു. തല പൊട്ടി ഉപേശന്‍ നിലത്തുവീണെങ്കിലും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ രാജേഷിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
പരിക്കേറ്റ ഉപേശനെ നാട്ടുകാര്‍ ഓട്ടോയില്‍ താലൂക്ക് ആസ്പത്രിയില്‍ കൊണ്ടുവന്നു. സംഭവമറിഞ്ഞ് സി.ഐ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി രാജേഷിനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എസ്.ഐ. എ.എസ്.നെറ്റോ പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ വീടുകയറി ആക്രമിച്ചതിനും രാജേഷിനെതിരെ കേസ്സെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial