
ദേശീയപാതയില്‍ വടിവാള്‍ വീശി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍
Posted on: 03 Mar 2015

പണവും മൊബൈല്‍ഫോണുകളും കണ്ടെടുത്തു
ഹരിപ്പാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍വച്ച് കവര്‍ച്ച നടത്തിയ രണ്ടുപേര്‍ പിടിയില്‍. കരുവാറ്റ രാജ്ഭവനില്‍ സുജിത്ത് (25), കരുവാറ്റ വടക്ക് മൂന്നുമനയ്ക്കല്‍ അരുണ്‍ (അമ്പിളി-21) എന്നിവരെയാണ് ഹരിപ്പാട് സി.ഐ. ടി.മനോജ്, എസ്.ഐ. എന്‍.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ദേശീയപാതയില്‍ കരുവാറ്റ മുതല്‍ തോട്ടപ്പള്ളി വരെയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. രണ്ട് കണ്ടെയ്‌നര്‍ ലോറികളില്‍നിന്നായി 5,500 രൂപയും മൊബൈല്‍ഫോണും കവര്‍ന്നു. തുടര്‍ന്ന് കരുവാറ്റയില്‍ ഇറങ്ങിയ ബാലെ ട്രൂപ്പിലെ നടനെ തടഞ്ഞുനിര്‍ത്തി മൂന്നുപവന്‍ തൂക്കം തോന്നിക്കുന്ന മാല പൊട്ടിച്ചെടുത്തു. പിന്നീട് തോട്ടപ്പള്ളിയില്‍ ബസ് കാത്തുനിന്ന ആളിന്റെ കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി.
തോട്ടപ്പള്ളിയില്‍നിന്ന് പല്ലന റോഡിലൂടെ രക്ഷപ്പെട്ട പ്രതികള്‍ക്കായി ഹൈവേ പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന് തെക്കുനിന്ന് ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് സി.ഐ. ടി.മനോജും സംഘവും പ്രതികളെ പിടികൂടിയത്. കണ്ടെയ്‌നര്‍ ലോറിക്കാരില്‍നിന്ന് തട്ടിയെടുത്ത പണവും മൊബൈല്‍ഫോണും പ്രതികളില്‍നിന്ന് വീണ്ടെടുത്തു. ഇവര്‍ അപഹരിച്ച മാല മുക്കുപണ്ടമായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രതികളില്‍നിന്ന് വടിവാളും പിടിച്ചെടുത്തു.
ഫിബ്രവരി 17ന് കരുവാറ്റയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പിടിയിലായ അരുണ്‍ പ്രതിയാണ്. ഈ കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഹൈവേയില്‍ കവര്‍ച്ചയ്ക്കിറങ്ങിയത്. കരുവാറ്റ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
അഡീഷണല്‍ എസ്.ഐ. അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാദ്, രാധാകൃഷ്ണന്‍, സിദ്ദിഖ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.





