Crime News

ഇലിപ്പോട് അപകടം: ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

Posted on: 03 Mar 2015


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന് സമീപം ഇലിപ്പോട് നടന്ന വാഹനാപകടത്തില്‍ വീട്ടമ്മ മരിക്കാനിടയായത് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് പോലീസ്. കുണ്ടമണ്‍കടവ് ബി.എസ്. ശങ്കരന്‍ നായര്‍ റോഡില്‍ മദന്‍ ഗോപാലിന്റെ ഭാര്യ ജയശ്രീ(44)യാണ് ഡ്രൈവറുടെ അലക്ഷ്യമായ വാഹന ഓട്ടത്തില്‍ മരിച്ചത്.
ഡ്രൈവര്‍ വിതുര തൊളിക്കോട് സ്വദേശി ഷാജിക്കെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രി ഏഴരയോടെ ഇലിപ്പോട് ജങ്ഷനിലായിരുന്നു അപകടം. ജയശ്രീയും ഭര്‍ത്താവ് മദന്‍ ഗോപാലും വലിയവിളയില്‍ നിന്ന് ഇലിപ്പോട് ജങ്ഷന്‍ വഴി അറപ്പുര ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു. ഇവരുടെ സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിച്ച കാര്‍ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ തെറിച്ചു വീണു. റോഡിന്റെ വലത് വശം വീണ ജയശ്രീയുടെ ശരീരത്തിലുടെ കാര്‍ കയറി ഇറങ്ങി. ഇതിന് ശേഷം നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന മറ്റൊരു കാറില്‍ ഇടിച്ചു നിന്നു. വലത് വശത്തേക്ക് സൂചനാ ലൈറ്റിട്ടാണ് സ്‌കൂട്ടര്‍ തിരിഞ്ഞത് ഇത് ശ്രദ്ധിക്കാതെ കാര്‍ ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
ജയശ്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ജയശ്രീയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയത്. നഗരത്തില്‍ അടുത്ത കാലത്തായി വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്നു. പല അപകടങ്ങള്‍ക്കും കാരണം അലക്ഷ്യമായ ഡ്രൈവിങ്ങാണെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial