Crime News

കഞ്ചാവുകടത്തിന് കാരിയര്‍മാരായി സ്ത്രീകള്‍ വീണ്ടും

Posted on: 02 Mar 2015


പെരിന്തല്‍മണ്ണ: വേഷം മാറിയും ജനമൈത്രിപോലീസിന്റെ സേവനം ഉപയോഗപ്പെടുത്തിയുമുള്ള നീക്കത്തിലൂടെയാണ് കിലോക്കണക്കിന് കഞ്ചാവ് വീണ്ടും പെരിന്തല്‍മണ്ണയില്‍ പോലീസിന് പിടികൂടാനായത്.
ലഹരിമരുന്നുകേന്ദ്രങ്ങളിലെ വിതരണക്കാരിലേക്കും വില്പനക്കാരിലേക്കും ജനമൈത്രിപോലീസ് ബീറ്റിലെ ആളുകളെ വിവരദാതാക്കളായി നിയോഗിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയ വിവരദാതാക്കള്‍ ഓരോദിവസവും ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.
തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവുമായി സ്ത്രീകള്‍ കയറുന്ന ബസ്സിന്റെ സമയം തിട്ടപ്പെടുത്തി പാലക്കാട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ പോലീസ് വേഷംമാറി ഇവര്‍ക്കൊപ്പം യാത്രചെയ്തു. പോലീസിന് സംശയം തോന്നുന്ന യാത്രക്കാരുടെ ബാഗുകളില്‍ ചെറിയ സൂചികള്‍ അവരറിയാതെ കയറ്റിയാണ് കഞ്ചാവാണ് ബാഗിലെന്ന് ഉറപ്പിച്ചിരുന്നത്.
പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളില്‍ വാടകവീടുകളില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ഓര്‍ഡര്‍ അനുസരിച്ചാണ് കാരിയര്‍മാര്‍വഴി എത്തിക്കുന്നത്.
പൊള്ളാച്ചിയിലും മറ്റും രാത്രിസമയത്ത് എത്തുന്ന കാരിയര്‍മാര്‍ക്ക് ഏജന്റുമാര്‍ മുഖംമറച്ചും ആളെ തിരിച്ചറിയാത്തവിധവും ബൈക്കിലും ഓട്ടോയിലുമെത്തിയാണ് കഞ്ചാവ് കൈമാറിയിരുന്നത്.
പിടിക്കപ്പെട്ടാല്‍ വിതരണക്കാരെക്കുറിച്ചോ കഞ്ചാവ് എത്തിക്കേണ്ടതോ ലഭിച്ചതോ ആയ സ്ഥലങ്ങളെക്കുറിച്ചോ വിവരം കൈമാറരുതെന്ന ഉറപ്പോടെയാണ് കാരിയര്‍മാര്‍ക്ക് കഞ്ചാവ് കൈമാറുന്നതെന്നും പോലീസിന് വിവരമുണ്ട്.
പെരിന്തല്‍മണ്ണയിലും മറ്റുമായി അടുത്തിടെ കിലോക്കണക്കിന് കഞ്ചാവ് പിടിക്കപ്പെട്ടതോടെയാണ് സ്ത്രീകളെ കാരിയര്‍മാരായുള്ള കഞ്ചാവ് കടത്തല്‍ രീതിയിലേക്ക് കഞ്ചാവ് ലോബി മാറിയത്.
നേരത്തെ വിവിധ കേസുകളില്‍ സ്ത്രീകള്‍ പിടിക്കപ്പെട്ടതോടെ സ്ത്രീകാരിയര്‍മാര്‍ രംഗത്തുനിന്ന് പിന്‍വാങ്ങിയിരുന്നു. അധികമാരും സംശയിക്കില്ലെന്നതും യാത്രയ്ക്കിടയില്‍ പരിശോധനകളില്‍നിന്ന് ഒഴിവാകുന്നതുമാണ് സ്ത്രീകളെ കടത്തുകാരായി ഉപയോഗിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു

 

 




MathrubhumiMatrimonial