Crime News

ഏഴരക്കിലോ കഞ്ചാവുമായി തമിഴ് യുവതി പിടിയില്‍

Posted on: 02 Mar 2015


പെരിന്തല്‍മണ്ണ: ജില്ലയിലെ മൊത്തവിതരണക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന തമിഴ് യുവതി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി.
ഇവരില്‍ നിന്ന് 7.600 കിലോഗ്രാം കഞ്ചാവും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തു. പൊള്ളാച്ചി വീരന്‍കോവില്‍ തെരുവിലെ സരള(30)യെയാണ് ശനിയാഴ്ച രാത്രി എട്ടേകാലോടെ പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിനുള്ളില്‍നിന്ന് പിടികൂടിയത്.
ഡിവൈ.എസ്.പി. പി.എം.പ്രദീപ്, സി.ഐ. കെ.എം.ബിജു, എസ്.ഐ. സി.കെ.നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
തിരൂര്‍, വളാഞ്ചേരി, കോട്ടയ്ക്കല്‍, മഞ്ചേരി, മലപ്പുറം, നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി, കൊപ്പം എന്നിവിടങ്ങളിലെ കഞ്ചാവ് മൊത്തവിതരണക്കാര്‍ക്കാണ് ഇവര്‍ കഞ്ചാവെത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കിലോക്കണക്കിന് കഞ്ചാവ് ബിഗ്‌ഷോപ്പറുകളിലും പ്ലാസ്റ്റിക്‌സഞ്ചികളിലും പൊതിഞ്ഞ് സ്വകാര്യബസ്സുകളില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ എത്തിച്ചിരുന്നത്.
ജനമൈത്രിപോലീസ് ബീറ്റിലെ ആളുകളെ വിവരദാതാക്കളായി നിയോഗിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കമാണ് പ്രതിയെ കുടുക്കിയത്. ര ണ്ടുകിലോ വീതമുള്ള കഞ്ചാവ് പൊള്ളാച്ചിയില്‍നിന്ന് ജില്ലയിലെത്തിച്ചാല്‍ 500 രൂപയാണ് കാരിയര്‍ക്ക് കിട്ടുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ടുതവണയായി 10 പാക്കറ്റുകള്‍ ഇവര്‍ എത്തിച്ചിരുന്നതായി പോലീസ് പറയുന്നു.
ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വര്‍ഷങ്ങളായി വളാഞ്ചേരിയില്‍ വാടകക്വാര്‍ട്ടേഴ്‌സുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജില്ലയിലെ മുഖ്യവിതരണക്കാരായ ചിലരെ ഭര്‍ത്താവ് വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍പേരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കി.
ടൗണ്‍ നിഴല്‍പ്പോലീസിലെയും പ്രത്യേകഅന്വേഷണസംഘത്തിലെയും ഉദ്യോഗസ്ഥരായ എ.എസ്.ഐ. കെ.എസ്. സുബൈര്‍, പി.മോഹന്‍ദാസ്, സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍, ടി.ശ്രീകുമാര്‍, ടി.എന്‍.കൃഷ്ണകുമാര്‍, എന്‍.വി.ഷെബീര്‍, അഭിലാഷ് കൈപ്പിനി, കെ.ആര്‍.സജീവന്‍, അഷ്‌റഫ് കൂട്ടില്‍, ടി.കുഞ്ഞയമു, തോമസ്, അനില്‍ചാക്കോ, പി.രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 




MathrubhumiMatrimonial