Crime News

പോലീസ് 'ഓപ്പറേഷന്‍ സുരക്ഷ' യ്ക്കിറങ്ങിയപ്പോള്‍ റെഡ്ഡിചോറും പിടിയില്‍

Posted on: 02 Mar 2015


പാലക്കാട്: ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അമര്‍ച്ചചെയ്യുന്നതിനായി ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ സുരക്ഷ'യുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പോലീസിന്റെ കൈയില്‍ കുടുങ്ങിയത് അന്തര്‍സംസ്ഥാന മോഷ്ടാവ്. കുപ്രസിദ്ധനായ അന്തര്‍സംസ്ഥാന പകല്‍കവര്‍ച്ചക്കാരനായ റെഡ്ഡിചോറിനെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. ആന്ധ്രപ്രദേശ് വിജയവാഡ പെല്ലൂര്‍സ്വദേശി സന്തോഷ് (23) ആണ് റെഡ്ഡിചോര്‍ എന്ന് ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറിയുന്നത് പ്രതിയെ പിടികൂടിയശേഷം.
ഒലവക്കോട്ടുനിന്ന് കഴിഞ്ഞദിവസം രാത്രി അറസ്റ്റുചെയ്ത പ്രതിയെ ചോദ്യംചെയ്തതില്‍ കഴിഞ്ഞമാസം ജില്ലയില്‍നടന്ന പകല്‍ ഭവനഭേദനക്കേസുകള്‍ക്ക് തുമ്പായി.
കുഴല്‍മന്ദം ഹോസ്പിറ്റല്‍റോഡില്‍ കൃഷ്ണപത്മത്തില്‍ കൃഷ്ണന്‍കുട്ടിയുടെ വീട് കഴിഞ്ഞമാസം 17ന് കാലത്ത് കുത്തിത്തുറന്ന് സ്വര്‍ണം, പണം എന്നിവ കവര്‍ച്ചചെയ്തത് സന്തോഷാണെന്ന് തെളിഞ്ഞു. കൊടുന്തിരിപ്പുള്ളി അത്താലൂര്‍ 'ശിവദ'ത്തില്‍ ശിവദാസന്റെവീട് 18ന് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും പ്രതി സമ്മതിച്ചു. പാലക്കാട് പുത്തൂരിലുള്ള വീട്ടില്‍ കളവിനായി കടന്നപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഗോവ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിരവധി കളവുകേസിലെ പ്രതിയാണ് സന്തോഷ്. മംഗലാപുരം പോലീസാണ് റെഡ്ഡിചോര്‍ എന്ന പേരിട്ടത്. കഴിഞ്ഞവര്‍ഷമാണ് ജയില്‍മോചിതനായത്. 2006ല്‍ 12-ാമത്തെവയസ്സില്‍ ആദ്യമായി സൂറത്കല്‍ പോലീസാണ് സന്തോഷിനെ അറസ്റ്റ്‌ചെയ്തത്. പിന്നീടും മോഷണംതുടര്‍ന്ന സന്തോഷ് മംഗലാപുരം ബൊന്‍തേല്‍ ജയിലില്‍ രണ്ടുവര്‍ഷം ശിക്ഷ അനുഭവിച്ചു. ഗോവയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിക്കപ്പെട്ട് വാസ്‌കോജയിലില്‍ മൂന്നര വര്‍ഷക്കാലം തടവില്‍ക്കഴിഞ്ഞു. കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളില്‍ കേസുകളില്‍പ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ജയിലിലും കിടന്നിട്ടുണ്ട്.
മാന്യമായ വേഷംധരിച്ച് രാവിലെത്തന്നെ നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി പിറകുവശത്തെ വാതില്‍ ഇരുമ്പ് പണിയായുധങ്ങള്‍ ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്ത് കടക്കുകയാണ് മോഷണരീതി.
മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് മദ്യത്തിനും ലഹരിമരുന്നിനുമായി ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ കറങ്ങുകയാണ് പതിവ്. കളവുനടത്താന്‍ പ്രതി ഗോവയില്‍ നിന്നാണ് പാലക്കാട്ടെത്തിയത്.

മിന്നല്‍ പരിശോധനകളില്‍ അറസ്റ്റിലായത് 312 പേര്‍

പാലക്കാട്:
'ഓപ്പറേഷന്‍ സുരക്ഷ'യില്‍ പാലക്കാട്ടുനിന്ന് അറസ്റ്റിലായത് 312 പേര്‍. മിന്നല്‍ പരിശോധനകളുമായി പോലീസ് തുനിഞ്ഞിറങ്ങിയതോടെയാണ് ഇത്രയുംപേര്‍ പിടിയിലായത്. ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടവര്‍മുതല്‍ സ്ത്രീകളെ ദ്രോഹിക്കുന്നവര്‍ വരെയുള്ളവരെ വരുതിയില്‍നിര്‍ത്താനും സാമൂഹികവിരുദ്ധരുടെ നഗരത്തിലെ അഴിഞ്ഞാട്ടം നിര്‍ത്താനുമാണ് 'ഓപ്പറേഷന്‍ സുരക്ഷ' ലക്ഷ്യമിടുന്നത്.
കഴിഞ്ഞ 24ന് രാത്രി പത്തുമുതലാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. 25ന് 132പേരും 26ന് 108പേരും 27ന് 72പേരും അറസ്റ്റിലായതായാണ് കണക്കുകള്‍. അറസ്റ്റിലായവരില്‍ ക്രിമിനല്‍ ക്കേസിലെ പ്രതികള്‍, ഗുണ്ടകള്‍, ജാമ്യമില്ലാ വാറണ്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
എല്ലാ ജില്ലയിലും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാനിയമം അനുസരിച്ചുള്ള നടപടി കര്‍ശനമാക്കാനും മുമ്പ് അക്രമ സംഭവങ്ങളില്‍ പെട്ടിട്ടുള്ളവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം നിരീക്ഷിച്ച്, സമാധാനജീവിതത്തിന് ഭീഷണിയാകുമെങ്കില്‍ ഗുണ്ടാനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശമുണ്ട്. ഇതേത്തുടര്‍ന്നാണ് ജില്ലയില്‍ നടപടി ഊര്‍ജിതമാക്കിയത്. ഓപ്പറേഷന്‍ സുരക്ഷയില്‍ പാളിച്ച വരുത്തുന്ന പോലീസുദ്യേഗസ്ഥരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സ് സംവിധാനവും ജില്ലയില്‍ വിവരശേഖരണം തുടങ്ങി.

 

 




MathrubhumiMatrimonial