Crime News

രാജമലയില്‍ എതിര്‍പ്പിനെതുടര്‍ന്ന് മൃഗബലി മാറ്റിവച്ചു

Posted on: 02 Mar 2015


മൂന്നാര്‍: നിയമം മറികടന്നും ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഇരവികുളം ദേശീേയാദ്യാനത്തില്‍ മൃഗബലി നടത്താനുള്ള ഭക്തരുടെ തീരുമാനം, കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിച്ചു.
വിനോദസഞ്ചാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍പെട്ട രാജമലയിലെ 'വനകാളി' പ്രതിഷ്ഠയിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മറ്റു പൂജകളോടൊപ്പം മൃഗങ്ങളെ ബലിനല്‍കാനും നിശ്ചയിച്ചിരുന്നത്. പെട്ടിമുടി, നയമക്കാട് ലോവര്‍, അപ്പര്‍, രാജമല എന്നിവിടങ്ങളിലെ 400 കുടുംബങ്ങളാണ് വര്‍ഷത്തില്‍ ഒരുദിവസം നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നത്.

പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് വനമേഖലയിലായതിനാല്‍, അനുവാദംതേടി ഭാരവാഹികള്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും രാജ്യത്ത് മൃഗബലി നിരോധിച്ചതിനാല്‍ അനുവാദം നിഷേധിക്കുകയായിരുന്നു. എന്നാല്‍, വനംവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് തങ്ങള്‍ കഴിഞ്ഞ 30 വര്‍ഷമായി നടത്തിവരുന്ന ആചാരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഇവര്‍ തീരുമാനിച്ചിരുന്നു.

ഇതിനിടയില്‍ പ്രാചീനമായ ആചാരങ്ങള്‍ നടത്താന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും വന്നാല്‍ തടയുമെന്നും അവകാശപ്പെട്ട് ചില സംഘടനകള്‍ രംഗത്തുവന്നതോടുകൂടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വെളുപ്പിനുമുതല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍, പോലീസിന്റെയും വനംവകുപ്പിന്റെയും അഭ്യര്‍ഥന മാനിച്ച് പെട്ടിമുടിയില്‍നിന്നുള്ള പത്തംഗസംഘം ഞായറാഴ്ച 8.30ന് സ്ഥലത്തെത്തി പൂജകളും മറ്റും നടത്തി.
തുടര്‍ന്ന് അടുപ്പുകള്‍ നിര്‍മിച്ച് പൊങ്കല്‍ ഉണ്ടാക്കി വിതരണംചെയ്തു. സംഘത്തിലുണ്ടായിരുന്ന യുവാക്കളുടെ തല മൊട്ടയടിക്കല്‍ചടങ്ങ് പൂര്‍ത്തിയാക്കിയശേഷം സമാധാനപരമായി ഇവര്‍ മടങ്ങി. പെട്ടിമുടി എസ്റ്റേറ്റിലെ രാജയ്യ- സരസ്വതി ദമ്പതിമാരാണ് പൂജകള്‍ക്കും മറ്റും നേതൃത്വംനല്‍കിയത്.

 

 




MathrubhumiMatrimonial