Crime News

കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Posted on: 02 Mar 2015


പാവറട്ടി: ചുക്കുബസാറില്‍ സി.പി.എം. അംഗം വെട്ടേറ്റുമരിച്ചു. തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഖാദറിന്റെ മകന്‍ ഷിഹാബ് (38)ആണ് മരിച്ചത്.

തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഷിഹാബിനെ തൃശ്ശൂര്‍ എലൈറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെട്ടേറ്റ് വലതുകൈ തൂങ്ങിയ നിലയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ചുക്കുബസാര്‍ തൂമാട്ട് റോഡിനു സമീപമാണ് ആക്രമണം. ഷിഹാബും മുല്ലശ്ശേരി പഞ്ചായത്ത് ലൈബ്രേറിയന്‍ ബൈജുവും ചായക്കടയില്‍നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘമാണ് ഷിഹാബിനെ വെട്ടിയത്. അക്രമികള്‍ ബൈജുവിനോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. വെട്ടേറ്റ് സമീപത്തെ തോട്ടിലാണ് ഷിഹാബ് കിടന്നിരുന്നത്.

വഴിയാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. ഗുരുവായൂര്‍ എ.സി.പി. ആര്‍. ജയചന്ദ്രന്‍ പിള്ള, സി.ഐ. കെ. സുദര്‍ശന്‍, പാവറട്ടി ഗ്രേഡ് എസ്.ഐ. എന്‍.എസ്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

2005ല്‍ വെട്ടേറ്റുമരിച്ച സി.പി.എം. നേതാവായ മുജീബ് റഹ്മാന്റെ സഹോദരനാണ് ഷിഹാബ്, ആര്‍.എസ്.എസ്. കാര്യവാഹകായിരുന്ന പെരിങ്ങാട് സ്വദേശി അറയ്ക്കല്‍ വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ഷിഹാബ്.

 

 




MathrubhumiMatrimonial