
അമ്മയോടൊപ്പം പൊങ്കാലയ്ക്ക് എത്തിയ നാലുവയസ്സുകാരി മതില്‍ തകര്‍ന്നുവീണ് മരിച്ചു
Posted on: 02 Mar 2015
കടയ്ക്കാവൂര്‍: അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പൊങ്കാലയ്ക്ക് എത്തിയ നാലുവയസ്സുകാരിയുടെ ദേഹത്ത് മതില്‍ തകര്‍ന്നുവീണ് കുട്ടി മരിച്ചു. കടയ്ക്കാവൂര്‍ പൊങ്ങതൊടി വീട്ടില്‍ വേണുവിന്റെയും സുജയുടെയും ഇളയമകള്‍ ദേവനന്ദ (4) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.കടയ്ക്കാവൂര്‍ പരുത്തിക്കല്‍ മഹാനടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവ സമാപനദിവസം നടന്ന സമൂഹ പൊങ്കാലയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് മുന്‍വശത്തെ റോഡില്‍ അമ്മയ്‌ക്കൊപ്പം പൊങ്കാലയിടാന്‍ നില്‍ക്കുന്ന സമയത്ത് പിന്നിലുള്ള മതില്‍ തകര്‍ന്ന് കുട്ടിയുടെ മുകളില്‍ പതിക്കുകയായിരുന്നു. അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവനന്ദയെ ചിറയിന്‍കീഴ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വര്‍ക്കല ജം-നോം മോഡല്‍ സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ഇതേ സ്‌കൂളിലെ മൂന്നാം ക്ലൂസ് വിദ്യാര്‍ഥിനിയായ ഗൗരിനന്ദയാണ് സഹോദരി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.





