Crime News

ജയിലില്‍ ബിരിയാണി; നിഷാമിന് സെല്‍ മാറ്റം

Posted on: 02 Mar 2015


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെല്‍ മാറ്റം. ജയിലില്‍ ഇയാള്‍ക്ക് ബിരിയാണി ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണിത്.

ജയില്‍ ഡി.ജി.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ സെല്‍ മാറ്റിയത്. ഡി ബ്ലോക്കില്‍ 24-ാം നമ്പര്‍ സെല്ലിലായിരുന്ന ഇയാളെ സി ബ്ലോക്കില്‍ പ്രത്യേക സെല്ലിലേക്ക് മാറ്റുകയായിരുന്നു. ഡി ബ്ലോക്കിലാണ് ടി.പി. കേസിലെ പ്രതികള്‍ കഴിയുന്നത്.

ജയിലില്‍ വില്‍പ്പനയ്ക്കായി ഉണ്ടാക്കുന്ന ബിരിയാണി നിഷാമിന് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്. തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതാണ് ഇത്. നിഷാമിനെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയെന്ന ആരോപണം മുമ്പുണ്ടായിരുന്നു. സന്ദര്‍ശിച്ചുവെന്ന് ആരോപണം നടന്ന സമയത്ത് ഇവിടത്തെ കാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്നതും കൂടുതല്‍ സംശയം ഉണ്ടാക്കി. ഇതിനിടയിലാണ് ഭക്ഷണത്തിലുള്‍പ്പെടെ കൂടുതല്‍ സൗകര്യം ജയിലില്‍ ലഭിച്ചുവെന്ന ആരോപണം വരുന്നത്.

 

 




MathrubhumiMatrimonial