Crime News

അടിമാലി ലോഡ്ജിലെ കൂട്ടക്കൊല: കര്‍ണാടക സ്വദേശികളായ പ്രതികള്‍ വലയില്‍

Posted on: 02 Mar 2015


അടിമാലി: ടൗണിലെ രാജധാനി ലോഡ്ജിലെ മൂന്നംഗ കുടുംബത്തെ കൂട്ടക്കൊലചെയ്ത് കടന്നുകളഞ്ഞ മൂന്നംഗ സംഘം കര്‍ണാടകത്തില്‍ കേരള പോലീസിന്റെ വലയില്‍ കുടുങ്ങിയതായി സൂചന. ഉത്തര കര്‍ണാകട സ്വദേശികളാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മൂന്നംഗ സംഘമാണ് കൊലനടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സി.ഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരാഴ്ചയായി കര്‍ണാടകത്തിലാണ്. കര്‍ണാടക പോലീസിന്റെ സഹകരണത്തോടെയാണ് ഒരാളെ ഞായറാഴ്ച പുലര്‍ച്ചെ തുംകൂറില്‍നിന്ന് പിടികൂടിയതെന്നാണ് വിവരം. വൈകീട്ടോടെ മൂന്നുപേരും കസ്റ്റഡിയില്‍ ആയതായും സൂചനയുണ്ട്.

പിടിയിലായവര്‍ അടിമാലി മേഖലയില്‍ നാളുകളായി കമ്പിളിയും മറ്റ് തുണികളും വില്പന നടത്തിയിരുന്നവരാണെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം കര്‍ണാടകത്തില്‍നിന്നു തിരിക്കുന്ന സംഘം തിങ്കളാഴ്ച അടിമാലിയില്‍ എത്തും.

കൊലപാതകശേഷം കടന്നുകടന്ന സംഘത്തിന്റെ കൈവശം ലോഡ്ജിലെ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മലപ്പുറത്തുവെച്ച് ഇത് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇത് പ്രവര്‍ത്തിച്ചത് കര്‍ണാടകത്തില്‍ വെച്ചാണ്. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നാണ് വിവരം. കൊലപാതകത്തിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അടിമാലി ടൗണിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിശ, ഭാര്യാ മാതാവ് നാച്ചി എന്നിവരെ ഫിബ്രവരി 13ന് പുലര്‍ച്ചെയാണ് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ബി.പ്രഫുല്ലചന്ദ്രന്‍, അടിമാലി സി.ഐ സജി മര്‍ക്കോസ്, എസ്.ഐ സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 




MathrubhumiMatrimonial